മോട്ടോർ വാഹന വകുപ്പിലെ മൂന്നാം കണ്ണ് ഇന്ന് പടിയിറങ്ങും

കൊടുവള്ളി: നിയമം ലംഘിച്ച് റോഡിലൂടെ ചീറി പായുന്നവരെ തനിക്ക് ഗിഫ്റ്റായി കിട്ടിയ എസ്.എൽ.ആർ ക്യാമറയിൽ ഇരുചെവിയറിയാതേ ഒപ്പിയെടുത്ത് ആർ.ടി.ഓഫീസിൽ എത്തിയ ശേഷം കമ്പ്യൂട്ടറിൽ ഫയലുകൾ പരിശോധിച്ച് ഉടമയെ വിളിച്ചു വരുത്തി ആവശ്യമായ ഉപദേശവും തെളിവായി തന്റെ കയ്യിലുള്ള ഫോട്ടോകളും കാണിച്ച് സർക്കാർ പറയുന്ന ഫൈൻ അടപ്പിച്ച് വിടുന്ന കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.വി.ഫ്രാൻസിസ് എന്ന മോട്ടോർ വാഹന വകുപ്പിന്റെ മൂന്നാം കണ്ണ് ഇന്ന് പടിയിറങ്ങും

17 വർഷത്തെ സ്തുത്യർഹവും സുദീർഘവുമായ സേവനം മോട്ടോർ വാഹന വകുപ്പിൽ കാഴ്ചവെച്ച ഇദേദഹം ചാത്തമംഗലത്തെ ഡ്രൈവിംഗ് ടെസ്റ്റിനിടെ ഇപ്പം വരാം എന്നു പറഞ്ഞ് ക്യാമറയും എടുത്ത് പോകുക പതിവ് കാഴ്ചയാണ് തിരക്കേറിയ മുക്കം കുന്ദമംഗലം റോഡിലൂടെ ഹെൽമറ്റ് ഇല്ലാതേ യാത്ര ചെയ്യുന്നവർ ‘ ബൈക്കിൽ രണ്ടിൽ കൂടുതൽ യാത്ര ചെയ്യുന്നവർ, പിക്കപ്പ് വാനിന്റെ പുറത്ത് ആളെ കയറ്റി വരുന്നവർ എല്ലാം നിമിഷങ്ങൾക്കകം ക്യാമറയിൽ പകർത്തി മടങ്ങും വൻ തുകയാണ് ഇതുമൂലം സർക്കാർ ഖജനാവിലേക്ക് വന്നത് ഇതിന് പ്രത്യുപകാരമായിട്ടായിരിക്കാം മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലും നേടി എന്നാലോ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുമ്പോൾ സർക്കാർ നൽകിയ ക്യാമറയിൽ പകർത്തണമെന്നാണ് ചട്ടം എന്നാൽ KL57 കൊടുവള്ളിക്യാമറ കണ്ണടച്ചിട്ട് വർഷങ്ങളായി എങ്കിലും അതിന് കൂടെ ഇഷ്ടന്റെ സ്വന്തം ക്യാമറ ഉപയോഗിച്ചു കൂടെ എന്ന് ചോദിച്ചാൽ ഇപ്പം മറുവടി പറയുന്നില്ല എന്നാണ് നിലപാട് മാസങ്ങൾ പയക്കമുള്ള ഫയലുകൾ തീർപ്പാക്കാതേ കൊടുവള്ളി ജോ: ആർ.ടി.ഒ മെല്ലെ പോക്ക് തുടർന്നപ്പോൾ സുഖമില്ലെന്ന് കാണിച്ച് വീട്ടിൽ പോയ്ക്കോ ഞാൻ തീർത്തോളാം എന്ന് പറഞ്ഞ് തീർത്ത ഗുഡ് സർട്ടിഫിക്കറ്റും കിട്ടിയിട്ടുണ്ട് വർഷങ്ങളായി പ്രൈവറ്റ് വാഹനങ്ങൾ പുതിയത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തീർപ്പാക്കുന്നതും ഇദേദഹം തന്നെ ഇതിനിടെ ഒരു ഡീലറിൽ നിന്നും പേപ്പർ കൊടുക്കാനുള്ളതും വാങ്ങിയിട്ട് വരാത്ത ഏജന്റിന്റെ പണി തട്ടി തെറിപ്പിച്ചതും സംഭവം തന്നെയാ വിജിലൻസും മറ്റ് ചിലരും പിറകെ പോയി നോക്കിയങ്കിലും ആശാൻ പിടി കൊടുത്തിട്ടില്ല നിരവധി വിവരാവകാശ അപേക്ഷകളും വന്നിട്ടും ഉണ്ടെത്രെ

ശബരിമല സ്ത്രീപ്രവേശനം: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വളച്ചൊടിച്ചതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞ കാര്യം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ത്രീപുരുഷ സമത്വത്തിന് വേണ്ടിയാണ് രാഹുല്‍ഗാന്ധി നിലകൊള്ളുന്നത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യങ്ങള്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആ സമയത്ത് കേരളഘടകത്തിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ഗാന്ധിയും നെഹ്‌റുവും വിശ്വാസങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്. ശാബാനു കേസില്‍ രാജീവ്ഗാന്ധിക്ക് നിലപാട് തിരുത്തി നിയമ നിര്‍മാണം നടത്തേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്ന കാര്യം കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. പാര്‍ട്ടിക്ക് അതിന്റെ പ്രഖ്യാപിത നിലപാടും നയവുമുണ്ട്. അതത് പ്രാദേശികമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതിയുണ്ട്. അത് കൊണ്ട് പാര്‍ട്ടി എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമല പോലുള്ള വൈകാരികമായ വിഷയത്തില്‍ കൂട്ടായരീതിയിലൂടെ മാത്രമേ കോണ്‍ഗ്രസ് തീരുമാനമെടുക്കുകയുള്ളൂ. വ്യക്തിപരമായ നിലപാടുകള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന സി.പി.എം നേതാവിന്റെ കൊച്ചുമകന്‍ ബി.ജെ.പി സമരവേദിയില്‍

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ ബി.ജെ.പി സമരവേദിയില്‍.

ശബരിമല വിഷയത്തില്‍ പൊലീസ് അതിക്രമത്തിനെതിരെ ബി.ജെ.പി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് എം.എം ലോറന്‍സിന്റെ മകളുടെ മകന്‍ മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍ പങ്കെടുക്കുന്നത്.

പൊലീസ് അതിക്രമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. എന്നാല്‍ വീട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ലെന്നും മിലന്‍ വ്യക്തമാക്കി. പ്ലസ്ടു വിദ്യാര്‍ഥിയാണ് മിലന്‍. കുട്ടിയുടെ അമ്മ തന്നെയാണ് മിലനെ സമരവേദിയിലെത്തിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

യുപിഐ ആപ്പ് വഴി ഇനി ദിവസം പത്ത് ഇടപാടുകള്‍മാത്രം….

നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നിരിക്കട്ടെ, 10 ല്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണമില്ല. ഒരാള്‍ക്ക് മൂന്ന് അക്കൗണ്ടുകളുണ്ടെങ്കില്‍ യുപിഐ വഴി 30 തവണ പണം കൈമാറാം…….

ന്യൂഡല്‍ഹി: യുപിഐ ആപ്പ് വഴി പണമിടപാട് നടത്തുന്നതിന് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു…….

ഒരു ദിവസം ഒരു അക്കൗണ്ടില്‍നിന്ന് 10 പേര്‍ക്കുമാത്രമേ ഇനി പണം കൈമാറാന്‍ കഴിയൂ. നിലവില്‍ 20 പേര്‍ക്ക് പണം കൈമാറാനുള്ള സൗകര്യമുണ്ടായിരുന്നു. അതായത്, നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍  ഉണ്ടെന്നിരിക്കട്ടെ, 10 ല്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണമില്ല. ഒരാള്‍ക്ക് മൂന്ന് അക്കൗണ്ടുകളുണ്ടെങ്കില്‍ യുപിഐ വഴി 30 തവണ പണം കൈമാറാം. .എന്നാല്‍, ഒരു ബാങ്ക് അക്കൗണ്ടില്‍ വ്യത്യസ്ത യുപിഐ അക്കൗണ്ടുണ്ടെങ്കില്‍ 10 ഇടപാടുമാത്രമെ നടത്താന്‍ കഴിയൂ.

ഷോപ്പിങിനും മറ്റും ഈ നിയന്ത്രണം ബാധകമല്ല. വ്യക്തികള്‍തമ്മിലുള്ള ഇടപാടുകള്‍ക്കുമാത്രമാണ് നിയന്ത്രണം. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍, ഫുഡ് ഡെലിവറി ആപ്, ടാക്‌സി സര്‍വീസ് എന്നിവയെ ഈ നിയന്ത്രണം ബാധിക്കില്ല. ……

മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഡില്‍ ദുരദര്‍ശന്‍ ക്യാമറാമാന്‍ അടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു

ദണ്ഡേവാഡ: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാധ്യമസംഘത്തിനു നേരെയുണ്ടായ മാവോവാദി ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.

ദുരദര്‍ശന്‍ ക്യാമറാമാന്‍ അച്യുതാനന്ദ് സാഹു, സബ് ഇന്‍സ്‌പെക്ടര്‍ രുദ്ര പ്രതാപ്, എഎസ്‌ഐ മംഗ്ലു എന്നിവരാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറന്‍പൂരില്‍ വെച്ചാണ് ആക്രമണമുണ്ടായത്.

അമിത്ഷായുടെ പ്രസംഗ പരിഭാഷയിലെ അപാകത: കണ്ണന്താനത്തിനെ എതിര്‍ത്ത് വി.മുരളീധരന്‍

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കണ്ണൂര്‍ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ ബിജെപിനേതാവ് വി.മുരളീധരന്‍.

കണ്ണന്താനം പരിഭാഷകനല്ലെന്നും അദ്ദേഹം ഐ.എ.എസുകാരനാണെന്നും മുരളീധരന്‍ പറഞ്ഞു. പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു.
കേന്ദ്രമന്ത്രിക്കും ഇക്കാര്യത്തില്‍ അഭിപ്രായമുണ്ടാകുമല്ലോ അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു.

അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ വി.മുരളീധരന്‍ എം.പിക്ക് പിഴവു പറ്റിയെന്ന് കണ്ണന്താനം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നാണ് കണ്ണന്താനം പറഞ്ഞത്. മുരളീധരന്‍ അക്കാര്യം കൂട്ടിചേര്‍ക്കുകയായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു.

സാലറി ചലഞ്ച് അര്‍ത്ഥശൂന്യമായിരിക്കുന്നു; തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് എം കെ മുനീര്‍

പ്രളയത്തിനെതിരെ നവകേരള നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ട സാലറി ചലഞ്ച് അര്‍ത്ഥശൂന്യമായതായി പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍. ഫെയ്‌സ് ബുക്കിലൂടെയാണ് എം കെ മുനീര്‍ എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയത്.

സാലറി ചാലഞ്ച് ഒരു പിടിച്ചുപറിയുടെ രൂപത്തിലേക്ക് പരിണമിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ സംഘി മുനീര്‍ പട്ടം വരെ ചാര്‍ത്തി തരാന്‍ ഓണ്‍ലൈന്‍ സി പി എം പ്രവര്‍ത്തകരും മറ്റും മത്സരിക്കുകയായിരുന്നു അന്ന്. ഇപ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠം സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവെച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അവഹേളനത്തിന്റെ ഭാഷ സ്വീകരിച്ച തോമസ് ഐസക്ക് മാപ്പ് പറയണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.

ഫെയ്‌സ് ബുക്ക്‌ കുറിപ്പ് വായിക്കാം

ഇക്കാര്യം ആദ്യമായി പറഞ്ഞപ്പോള്‍ ഏറ്റവും ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന ഒരാളാണ് ഞാന്‍. നവകേരള ശില്പിക്കെതിരെ വിമര്‍ശനമുന്നയിക്കുകയോ,, എന്ന് തുടങ്ങി സംഘി മുനീര്‍ പട്ടം വരെ ചാര്‍ത്തി തരാന്‍ ഓണ്‍ലൈന്‍ സി പി എം പ്രവര്‍ത്തകരും മറ്റും മത്സരിക്കുകയായിരുന്നു അന്ന്. ഇപ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠമാണ് സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ശരിവെച്ചിരിക്കുന്നത്.

കൃത്യമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സാലറി ചാലഞ്ച് ഒരു പിടിച്ചുപറിയുടെ രൂപത്തിലേക്ക് പരിണമിക്കുമെന്ന് ആദ്യമായി പറഞ്ഞത്.പിന്നീട് അതേ പരാമര്‍ശം ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും നടത്തിയിരിക്കുന്നു. ഇത് ഈ ഗവണ്‍മെന്റ് ചോദിച്ചു വാങ്ങിയ വിധിയാണ്.ഹൈക്കോടതിയുടെ വിമര്‍ശനത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളാതെ സുപ്രീം കോടതിയിലേക്ക് വിഷയത്തെ വലിച്ചിഴച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ്. മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ നിന്നും കോടതി ചെലവുകള്‍ ഈടാക്കണമെന്ന നിലപാടാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിനുള്ളത്.

വിസമ്മതപത്രം നല്‍കണമെന്ന ഗവണ്‍മെന്റ് നിലപാട് ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന സുപ്രീം കോടതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരില്‍ നിന്നും ഇതിനകം സര്‍ക്കാര്‍ വാങ്ങിയ വിസമ്മതപത്രം തിരികെ നല്‍കണം. ഇക്കാര്യത്തില്‍ അവഹേളനത്തിന്റെ ഭാഷ സ്വീകരിച്ച തോമസ് ഐസക്ക് മാപ്പ് പറയണം.

ദുരിതാശ്വാസത്തിന് പിരിച്ച പണം ഫ്‌ലഡ് ഡിസാസ്റ്റര്‍ മേഖലകളില്‍ തന്നെ വിനിയോഗിക്കുമെന്ന് ഉറപ്പില്ലെന്ന് കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ സ്‌പെഷ്യല്‍ അക്കൗണ്ട് ഉടനെ ആരംഭിക്കണം. ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ചും ഒറ്റപ്പെടുത്തിയുമല്ല നവകേരളത്തിന്റെ നിര്‍മ്മാണം സാധ്യമാക്കേണ്ടത്. മറിച്ച്, ഉദ്യോഗസ്ഥരും പൊതുജനങ്ങളുമടക്കമുള്ള എല്ലാ വിഭാഗത്തിന്റെയും അന്തസ്സ് നില നിര്‍ത്തി കൊണ്ടും അവരെ വിശ്വാസത്തിലെടുത്തുമാണ്.

ഇത് മറ്റുള്ളവര്‍ പറയുന്നതിന് മുമ്പ് പറഞ്ഞു എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. അതിന്റെ പേരിലാണ് എനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഫലം, സുപ്രീം കോടതിയടക്കമുള്ള നിയമ വ്യവഹാരങ്ങള്‍ക്കായി സ്റ്റേറ്റിന്റെ പണം നഷ്ടമായത് മിച്ചം

ശബരിമലയിലെ അക്രമം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

എറണാകുളം: ശബരിമല അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കൊല്ലം സ്വദേശിയായ രാജേന്ദ്രന്‍ ആണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമായി കഴിഞ്ഞ 17 മുതല്‍ 20 വരെ നടന്ന അക്രമ സംഭവങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്.

രഹ്ന ഫാത്തിമ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. അതേസമയം, സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റില്‍ കേരള ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ക്കെതിരെയും, അക്രമം നടത്തിയെന്ന് ആരോപിക്കപ്പെട്ട പോലീസുകാര്‍ക്കെതിരെയും എന്ത് നടപടിയാണ് എടുത്തതെന്ന് വിശദീകരിക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ശബരിമലയില്‍ നാമജപ യജ്ഞത്തില്‍ സമാധാനപരമായി പങ്കെടുത്ത നിരപരാധികളായ ഭക്തരടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാറും മറ്റും നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നലകിയത്.

ശബരിമലയില്‍ പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് ഹര്‍ജിക്കാര്‍ ചില ചിത്രങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് കണ്ട കോടതി ഭക്തരെയും കാഴ്ചക്കാരെയുമൊക്കെ ഇത്തരത്തില്‍ പൊലീസ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്താണ് പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാത്തതെന്നു്  ചോദിച്ചു. പൊലീസുകാരും അതിക്രമം കാട്ടിയെന്നും വാഹനങ്ങള്‍ തകര്‍ത്തെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് അതിക്രമം കാട്ടിയ പൊലീസ് കാര്‍ക്കെതിരെ എന്ത് നടപടി എടുത്തെന്നു് വിശദീകരിക്കാന്‍ ഡിവിഷന്‍ ബെഞ്ച് ശക്തമായ നിര്‍ദേശം സര്‍ക്കാരിന് നല്‍കിയത്.

പരിഷ്‌കൃത സമൂഹത്തിലുണ്ടാവേണ്ട പോലീസ് പ്രഫഷണല്‍ പൊലീസാണെന്നും, അത്തരം സംവിധാനമാണ് ഇവിടെയും വേണ്ടത്. ഇത്തരം കേസുകള്‍ പോലെയുള്ള മറ്റു കേസുകളിലും ശക്തമായ നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നും കോടതി സര്‍ക്കാരിന് താക്കീത് നല്കി. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.