ശബരിമലയില്‍ വനിതാപൊലീസുമെത്തും: സംഘര്‍ഷസാധ്യതയെന്ന് റിപ്പോര്‍ട്ട്

പമ്പ:ചിത്തിര ആട്ട പൂജയ്ക്ക് ശബരിമലനട തുറക്കാനിരിക്കെ നിലയ്ക്കല്‍, ഇലവുങ്കല്‍ , പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. മൂന്നു ദിവസത്തെ നിരോധനാജ്ഞ നിലവില്‍ വന്നു. യുവതീപ്രവേശം തടയാന്‍ എത്തുന്നവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കസ്റ്റഡിയിലെടുക്കാനും നിര്‍ദേശമുണ്ട്.

പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം 12 ഫേയ്‌സ് ഡിറ്റക്ഷന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട്,ശരംകുത്തി വഴി മാത്രമാകും തീര്‍ഥാടകരെ കയറ്റുക. ദര്‍ശനം കഴിഞ്ഞ് സ്വാമി അയ്യപ്പന്‍ റോഡിലൂടെ മലയിറങ്ങാം. അതേസമയം മാധ്യമങ്ങളെ ഇലവുങ്കല്‍ കവലയില്‍ പൊലീസ് തടഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാംപിലേക്ക് നാളെ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നാണ് പൊലീസ് വിശദീകരണം. നിലയ്ക്കല്‍ വരെ പ്രവേശനം എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

സന്നിധാനത്ത് ആവശ്യമെങ്കില്‍ വനിതാപൊലീസിനെ നിയോഗിക്കും. 50 വയസുകഴിഞ്ഞ 30 വനിതാപൊലീസുകാര്‍ക്ക് തയാറാകാന്‍ നിര്‍ദേശം നല്കി. പ്രതിഷേധക്കാരായ സ്ത്രീകള്‍ സന്നിധാനത്തെത്തിയാല്‍ തടയാനാണിത്. അതേസമയം സ്ത്രീകളെ അണിനിരത്തി സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി ശ്രമമെന്ന് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *