കെ.ടി ജലീലിന്റെ പരാമര്‍ശം നജീബ് കാന്തപുരം വക്കീല്‍ നോട്ടീസ് അയച്ചു

കോഴിക്കോട് : ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രി കെ.ടി ജലീല്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം വക്കീല്‍ നോട്ടീസ് അയച്ചു. 04.11.2018ന് തിരുവനന്തപുരത്ത് നടത്തിയ പത്ര സമ്മേളനത്തില്‍ കൊടുവള്ളി ഭാഗത്തുള്ള നിരവധിയാളുകള്‍ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാനുണ്ടെന്നും ഇവര്‍ വായ്പ എടുത്തെടുത്തത് നജീബ് കാന്തപുരത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു എന്നാണ് പരാമര്‍ശം. കേരള സ്റ്റേറ്റ് മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷനുമായി തനിക്ക് യാതൊരു ബന്ധവുമില്ല. താനോ തന്റെ കുടുംബാംഗങ്ങളോ ഇത് വരെ ഒരു വായ്പക്ക് വേണ്ടി ഈ സ്ഥാപനത്തെ സമീപിച്ചിട്ടില്ലെന്നും താന്‍ ആര്‍ക്കു വേണ്ടിയും വായ്പക്കായി ശുപാര്‍ശ ചെയ്തിട്ടില്ലെന്നുമിരിക്കെ ഇത്തരം ഒരു ആക്ഷേപം ഉന്നയിച്ചത് തന്നെ വ്യക്തിഹത്യ നടത്തുന്നതിന് വേണ്ടിയാണെന്നും മനപ്പൂര്‍വ്വം അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത് ബോധപൂര്‍വ്വമാണെന്നും നോട്ടീസില്‍ വ്യക്തമാക്കി. കൊടുവള്ളി മേഖല ഉള്‍പ്പെടെ കേരളത്തിന്റെ ഏത് ഭാഗത്ത് നിന്നും പ്രസ്തുത കോര്‍പ്പറേഷന്‍ വഴി വായ്പ എടുത്ത നിരവധി പേരുണ്ട് . ഒരു പ്രദേശത്തെ മാത്രം മന്ത്രി ഇത്തരത്തില്‍ കുറ്റപ്പെടുത്തുന്നതും ദുരുദ്ദേശപരമാണ്. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണത്തിന് ക്ഷമാപണം നടത്തിയില്ലെങ്കില്‍ ഒരാഴ്ചക്കകം കേസ് ഫയല്‍ ചെയ്യുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി. അഡ്വ. എ.വി അന്‍വര്‍ മുഖേനയാണ് മന്ത്രി കെ.ടി ജലീലിന് നോട്ടീസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *