വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കോര്‍പ്പറേഷന്‍ വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് പട്ടികജാതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍ നിന്നും തൊഴില്‍ നല്‍കുന്നതിനു ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരും ആകണം. ഭാരത സര്‍ക്കാരിന്റെ പ്രൊട്ടക്റ്റര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സ് പെര്‍മിറ്റ് നല്‍കിയിട്ടുള്ള തൊഴില്‍ദാതാക്കളോ റിക്രൂട്ട്‌മെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴില്‍ ലഭിച്ചുപോകുന്നവരുടെ അപേക്ഷകള്‍ മാത്രമേ വായ്പയ്ക്കായി പരിഗണിക്കുകയുള്ളൂ. നോര്‍ക്ക റൂട്ട്‌സ്, ഒഡെപെക്ക് എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 18 മുതല്‍ 55 വയസ്സുവരെയുള്ള പ്രായപരിധിയില്‍പ്പെട്ടവരും ആയിരിക്കണം. കുടുംബവാര്‍ഷിക വരുമാനം 3,50,000 രൂപ അധികരിക്കരുത്. പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപയും, അതില്‍ ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയുമാണ്. വായ്പയുടെ പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്നു വര്‍ഷവുമാണ്. അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് എഗ്രിമെന്റ്, വിസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കില്‍ അത് എന്നിവ ലഭിച്ചിരിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *