രാജസ്ഥാനില്‍ ബിജെപി എംപി കോണ്‍ഗ്രസില്‍; സച്ചിനും ഗലോട്ടും മല്‍സരിക്കും

  • 1
    Share

ജയ്പുര്‍∙ രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ബിജെപിയില്‍നിന്നു കോണ്‍ഗ്രസിലേക്ക് ഒഴുക്കു തുടരുന്നു. ബിജെപി എംപിയും മുന്‍ ഡിജിപിയുമായ ഹരീഷ് മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2009-13 കാലഘട്ടത്തില്‍ പൊലീസ് മേധാവിയായിരുന്ന മീണ 2014ല്‍ ആണു ബിജെപി അംഗമായത്. മീണയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നു മുന്‍മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു.

ഹരീഷ് മീണയുടെ സഹോദരന്‍ നമോ നാരായണ്‍ മീണ കോണ്‍ഗ്രസ് നേതാവാണ്. കിഴക്കന്‍ രാജസ്ഥാനില്‍ നിര്‍ണായകമാണു മീണ വിഭാഗം. ഹരീഷിന്റെ രാജി ബിജെപിക്കു കനത്ത തിരിച്ചടിയാണെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഒരു മന്ത്രി അണികള്‍ക്കൊപ്പം ബിജെപിയില്‍നിന്നു രാജിവച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും ഡിസംബര്‍ ഏഴിനു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസില്‍ കടുത്ത വിഭാഗീയതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണു മല്‍സരിക്കുന്ന വിവരം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണു മല്‍സരിക്കുന്നതെന്നു സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം കണ്ണുവയ്ക്കുന്ന ഇരുനേതാക്കളും ഒരുമിച്ചു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന സൂചനയാണു പാര്‍ട്ടി മുമ്പു നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *