കെ..എം.ഷാജി MLA ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി

  • 3
    Shares

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കേസില്‍ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ട അഴീക്കോട് എം.എൽ.എ കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന സുപ്രീം കോടതി. എന്നാല്‍ ആനൂകൂല്യങ്ങള്‍ കൈപ്പറ്റാന്‍ കഴിയില്ല. വാദത്തിനിടെ വാക്കാൽ പരാമർശം മാത്രമാണ് കോടതി നടത്തിയിട്ടുള്ളതിനാൽ 27 ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രയാസമാണന്ന് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു

നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സ്‌റ്റേ തേടി നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന കെ എം ഷാജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് പരാമര്‍ശം. അയോഗ്യത ഉത്തരവിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കെ.എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഒരു സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ എം.എല്‍.എ പദവി നിലനിര്‍ത്താനാണോ ആഗ്രഹിക്കുന്നതെന്ന് ഷാജിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. സാധാരണ തിരഞ്ഞെടുപ്പ് കേസുകളില്‍ ഇത്തരമൊരു മറുപടിയാണ് നല്‍കുകയെന്നും വിശദമായ വാദം പിന്നീട് കേള്‍ക്കാമെന്നും കോടതി അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് തന്നെ വിലക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും അയോഗ്യത കല്‍പ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. അഴീക്കോട് എം.എല്‍.എ. ആയ ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഈമാസം ഒമ്പതിലെ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. അതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും.

നിയമസഭാസമ്മേളനം 27-നു തുടങ്ങുന്ന സാഹചര്യത്തില്‍ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച എം.വി. നികേഷ് കുമാറിന്റെ പരാതിയിലാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തിരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രചാരണം നടത്തിയെന്നായിരുന്നു ഷാജിക്കെതിരായ പരാതി.

Leave a Reply

Your email address will not be published. Required fields are marked *