ഓൺലൈൻ സ്കൂളിംഗ്: ഇല്ലാത്ത കുട്ടികൾക്ക് ടാബ്ലറ്റും ഇന്റർനെറ്റും നൽകി ദയാപുരം സ്കൂൾ 

കുന്ദമംഗലം: സാമൂഹ്യ-സാമ്പത്തിക രംഗങ്ങളിൽ പിന്നാക്കം നിൽക്കുന്ന പലർക്കും ഡിജിറ്റൽ സാമഗ്രികകളും ഇന്റർനെറ്റും ഇല്ലാത്തതിനാൽ ഓൺലൈൻ സ്കൂളിംഗ് ഇവരോട് ചെയ്യുന്ന വിവേചനമാവും എന്ന വാദം മുഴങ്ങിക്കേൾക്കവേ അനാഥരും ദരിദ്രരും ഒരു തരം ഡിജിറ്റൽ ഉപകരണങ്ങളും ഇല്ലാത്തവരുമായ കുട്ടികൾക്ക് ടാബ്ലറ്റ് വാങ്ങി നൽകുകയാണ് കോഴിക്കോട്ടെ ദയാപുരം റെസിഡൻഷ്യൽ സ്കൂൾ. ആദ്യ ഘട്ടത്തിൽ സ്മാർട്ട് ഫോണടക്കം യാതൊരു സൗകര്യവുമില്ലാത്ത 15 പേർക്ക് ലെനോവോയുടെ  എം 7 ടാബ്ലറ്റ് വാങ്ങി നൽകിക്കൊണ്ടാണ് തുടക്കം.

ഫീസ് കൊടുത്തു പഠിക്കുന്ന 1800 കുട്ടികൾക്കൊപ്പം ദയാപുരം സ്കൂളിൽ മാത്രം 202  അനാഥ-സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ഷെയ്ഖ് അൻസാരി ഫൗണ്ടേഷന് കീഴിൽ സൗജന്യമായി പഠിക്കുന്നുണ്ട്  എന്നതിനാൽ അവരെക്കൂടി ഉൾപ്പെടുത്തി വേണമായിരുന്നു സ്കൂളിന് ഒരു സ്കീം ഉണ്ടാക്കാൻ. അതിനായി അധ്യാപകർ ഓരോ കുട്ടിയുടെ രക്ഷിതാവിനെയും വിളിച്ചു സംസാരിച്ചു സർവ്വേ നടത്തി. അപ്പോൾ സെക്കന്റ് ഹാൻഡ് സ്മാർട്ഫോണുകൾ ഉള്ളവരും തത്കാലം കുടുംബക്കാരുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ പറ്റുന്നവരും ആയി ഒരു വലിയ വിഭാഗം ഉണ്ടെങ്കിലും 15 പേർക്ക് യാതൊരു ഉപകരണങ്ങളും ഇല്ല എന്ന് മനസ്സിലായത്. ഇവർക്ക് വേണ്ടിയാണ് ഒന്നിന് 9250 രൂപ വിലവരുന്ന ടാബുകൾ സ്ഥാപനം വാങ്ങി ഒരു മാസത്തേക്ക്  കൊടുക്കുന്നത്. പിന്നീട് ആവശ്യമനുസരിച്ചു പുതുക്കിനൽകും.  ഇപ്രാവശ്യത്തേക്കു ആവശ്യമായ പണം സംഘടിപ്പിച്ചത് സക്കാത്ത് ഫണ്ടിൽ നിന്നാണ്.  ഡോ. എം. എം. ബഷീർ ചെയർമാനായുള്ള അൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് ആണ് ദയാപുരത്തിന്റെ നടത്തിപ്പുകാർ. 

“വിദ്യാഭ്യാസ ശാക്തീകരണത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട ഒരു കേന്ദ്രം എന്ന നിലക്ക് ഓൺലൈൻ സ്കൂളിംഗ് നടക്കുമ്പോൾ ദയാപുരത്തിന്റെ  ദൗത്യം ടാബുകൾ ഇല്ലാത്തവർക്ക് ടാബുകൾ വാങ്ങിക്കൊടുക്കുകയും ഇന്റർനെറ്റ് ഇല്ലാത്തവർക്ക് അത് എത്തിച്ചു കൊടുക്കുകയുമാണ് എന്ന് ഞങ്ങൾ ദയാപുരത്തുകാർ വിശ്വസിക്കുന്നു. 1984 ഇൽ അദൃശ്യവും എല്ലാ നിലയിലും തുല്യതയും എല്ലാ മതക്കാർക്കും പ്രവേശനവുമുള്ള ഒരു ഇംഗ്ലീഷ് മീഡിയം ഓർഫനേജ് തുടങ്ങിക്കൊണ്ടാണ് ദയാപുരം ആരംഭിക്കുന്നത്. ആ സമത്വത്തിന്റെ ആശയം  2020 ഇൽ ആവിഷ്‌ക്കരിക്കേണ്ടത് ഇങ്ങനെയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ്”, ദയാപുരം പേട്രൺ സി ടി അബ്ദുറഹീം പറഞ്ഞു. 
>
> ഇപ്പോൾ വിതരണം ചെയ്തിരിക്കുന്നത് ഒരു ഉപകാരണവുമില്ലാത്തവർക്കു  മാത്രമാണെന്നുംസ്കൂൾ തുറക്കുന്നതു അധികം വൈകുകയാണെങ്കിൽ   തൽക്കാലം സംഘടിപ്പിച്ചു ഉപയോഗിക്കുന്നവർക്കും ടാബുകൾ നൽകേണ്ടി വരുമെന്ന് പദ്ധതിക്കു നേതൃത്വം നൽകിയ ദയാപുരം സന്നദ്ധ പ്രവർത്തകൻ ഡോ. എൻ പി ആഷ്‌ലി പറഞ്ഞു. “സ്കൂൾ തുറക്കുന്ന ദിവസത്തെക്കുറിച്ചും കൊറോണ എന്താവുമെന്നതിനെക്കുറിച്ചും ഒരു വ്യക്തതയുമില്ല. ഒന്ന് രണ്ടു ആഴ്ച്ച നിരീക്ഷിച്ച ശേഷം കൂടുതൽ ടാബുകൾ വാങ്ങിക്കാനുള്ള ഫണ്ട് സമാഹരിക്കാനാണ് വിചാരിക്കുന്നത്. അല്ലാത്തപക്ഷം അത് പിന്നീട് അനാവശ്യമായിത്തീരാൻ സാധ്യതയുണ്ട്. ഡിജിറ്റൽ ഡിവൈഡിനെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നത് കൊണ്ട് കാര്യമില്ല; അത് നമ്മുടെ സാഹചര്യത്തിലെങ്കിലും പരിഹരിക്കാൻ ശ്രമിക്കണം എന്ന ബോധ്യത്തിൽ നിന്നുണ്ടായതാണ് ഈ ചെറിയ നീക്കം”, അദ്ദേഹം പറഞ്ഞു.  

ഓൺലൈനിൽ പാഠഭാഗങ്ങൾ, നോട്ടുകൾ, പരീക്ഷകൾ എന്നിവ ക്രമീകരിക്കുന്നതിനു വേണ്ടി  ദയാപുരം സ്കൂൾ സജ്ജമാക്കിയ ലേർണിംഗ് മാനേജ്‌മന്റ് സിസ്റ്റം, ടാബിന്റെ ഉപയോഗം, ഇന്റർനെറ്റ് എന്നിവ സംബന്ധിച്ച് ഈ കുട്ടികളുടെ  മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ പരിശീലനം നൽകുമെന്ന് സ്കൂൾ പ്രിൻസിപ്പൽ പി ജ്യോതി അറിയിച്ചു.   

Leave a Reply

Your email address will not be published. Required fields are marked *