കേരളത്തിൽഓപൺ യൂണിവേഴ്സിറ്റി ആരംഭിക്കും : മന്ത്രി കെ.ടി ജലീല്‍

കുന്ദമംഗലം:വിദ്യാര്‍ത്ഥികള്‍ക്ക് നൂതന കോഴ്സുകള്‍ പഠിക്കുന്നതിന് സംസ്ഥാനത്ത്
സൗകര്യമൊരുക്കുന്ന വിധത്തില്‍ ഈ അദ്ധ്യായന വര്‍ഷം തന്നെ ഓപ്പൻ യൂണിവേഴ്സിറ്റി
ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു.
കുന്ദമംഗലം ഗവ. കോളജിന് 5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന അക്കാഡമിക്ക്
ബ്ലോക്കിന്‍റെ രണ്ടാം ഘട്ടത്തിന്‍റേയും 2.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കോംപൗണ്ട് വാളിന്‍റേയും പ്രവൃത്തി ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിര്‍വ്വഹിച്ച്
സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതുതായി 1000 തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍
നടപടി സ്വീകരിച്ചുവരികയാണ്. വിവിധ സര്‍വ്വകലാശാലകളുടെ കോഴ്സുകള്‍ പരസ്പരം അംഗീകരിക്കുന്നതിനും സമയബന്ധിതമായി പരീക്ഷകള്‍ നടത്തി ഫലം
പ്രസിദ്ധീകരിക്കുന്നതിനും വഴിയൊരുക്കിയത് ഉന്നത വിദ്യാഭ്യാസ രംഗത്ത്
നിലവാരമുയര്‍ത്തുന്നതിന് സഹായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിലകൊടുത്ത് വാങ്ങി നല്‍കിയ 5 ഏക്കര്‍ 10 സെന്‍റ് സ്ഥലത്താണ് കോളജ് പ്രവര്‍ത്തിച്ചു വരുന്നത്. നിലവില്‍ കോളജുകളില്ലാത്ത മണ്ഡലങ്ങളില്‍ സ്ഥലം ലഭ്യമാക്കുകയും കെട്ടിട നിര്‍മ്മാണത്തിന് എം.എല്‍.എ ഫണ്ട് നല്‍കുകയും
ചെയ്താല്‍ പുതിയ കോളജ് അനുവദിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തെ
തുടര്‍ന്നാണ് കുന്ദമംഗലത്ത് പുതിയ കോളജ് അനുവദിച്ചു കിട്ടിയത്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 3.25
കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ കോളജ് പ്രവര്‍ത്തിച്ചു
വരുന്നത്. കോളജിന്‍റെ വൈദ്യുതീകരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിനും എം.എല്‍.എയുടെ ഫണ്ടില്‍ നിന്നായിരുന്നു തുക അനുവദിച്ചത്.

മൂന്ന് നിലകളിലായി 3985 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ പൂര്‍ണ്ണമായും
കോണ്‍ക്രീറ്റ് പ്രബലിത ചട്ടക്കൂടില്‍ നിര്‍മ്മിക്കുന്ന അക്കാഡമിക്ക് ബ്ലോക്കിന്‍റെ താഴെ
നിലയുടെ പ്രവൃത്തി 2018 ലാണ് പൂര്‍ത്തീകരിച്ചത്. 1164 ചതുശ്ര മീറ്റര്‍ വീതമുള്ള രണ്ട് നിലകളാണ് പുതുതായി നിര്‍മ്മിക്കുന്നത്. ഒന്നാം നിലയില്‍ രണ്ട് ക്ലാസ്
റൂമുകള്‍, ഓഫീസ്, പ്രിന്‍സിപ്പലിന്‍റെ മുറി, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയും രണ്ടാം
നിലയില്‍ ഒരു ക്ലാസ് മുറി, കമ്പ്യൂട്ടര്‍ ലാബ്, സെമിനാര്‍ ഹാള്‍, ടോയ്ലറ്റ്
ബ്ലോക്ക് എന്നിവയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

823 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന ചുറ്റുമതില്‍ കരിങ്കല്‍ ഭിത്തിയോട്കൂടി
കോണ്‍ക്രീറ്റ് ബെല്‍റ്റ് കൊടുത്ത് അതിന് മുകളില്‍ 1.5 മീറ്റര്‍ ഉയരത്തില്‍
ചെങ്കല്ലുകൊണ്ട് മതില്‍ കെട്ടിയാണ് നിര്‍മ്മിക്കുന്നത്. ചുറ്റുമതിലിന്‍റെ ഒരു വശത്ത് 92.25 മീറ്റര്‍ നീളത്തിലും 7 മീറ്റര്‍ ഉയരത്തിലുമുള്ള ഒരു സംരക്ഷണഭിത്തി കൂടി
പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതുതായി അനുവദിച്ച കോളജുകളില്‍ നിരപ്പായതും ഏറ്റവും മികച്ചതുമായ
ക്യാമ്പസാണ് കുന്ദമംഗലം ഗവ. കോളജിനുള്ളത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 10.74 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആയതിന്‍റെ
ടെന്റര്‍ നടപടികള്‍ ബന്ധപ്പെട്ട വകുപ്പ് സ്വീകരിച്ചുവരികയാണ്. പുതിയ കെട്ടിടങ്ങളുടെ
പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ തൊഴില്‍ സാദ്ധ്യത കൂടുതലുള്ള നൂതന കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി മുഖ്യാതിഥിയായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി.
എഞ്ചിനീയര്‍ കെ. ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്
റീന മുണ്ടേണ്ടാട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുനിത പൂതക്കുഴിയില്‍,
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ബീന, വൈസ് പ്രസിഡന്‍റ് ടി.എ രമേശന്‍, മെമ്പര്‍ എന്‍. സുരഷ്, പ്രൊഫ. വി.പി ബഷീര്‍, ഷാജി ആന്‍റണി സംസാരിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. സജി സ്റ്റീഫന്‍ സ്വാഗതവും ഡോ. കെ. മുഹമ്മദ് നൗഫല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *