സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ റാൺ ഓഫ് കച്ചിൽ നിന്ന് ബിഎസ്എഫാണ് ഇരുപതുകാരനായ മഹാരാഷ്ട്ര സ്വദേശിയെ അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയിലെ ഒസ്മനാബാദ് നഗരത്തിലെ ഖ്വജാംഗർ സ്വദേശിയായ സിഷാൻ മുഹമ്മദ് സിദ്ദീഖിയാണ് പിടിയിലായത്. റാൺ ഓഫ് കച്ചിലെ ധോരാവിറ ഗ്രാമത്തിൽ മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയുണ്ടായ തെരച്ചിലിനൊടുവിലാണ് കാൽ നടയായി പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച സിഷാനെ ബിഎസ്എഫ് പിടികൂടുന്നത്.

ജൂലൈ 11നാണ് സിഷാൻ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാകിസ്താൻ സ്വദേശിനിയായ പെൺകുട്ടിയെ കാണാൻ യാത്ര തിരിച്ചത്. ബൈക്ക് മണ്ണിൽ കുടുങ്ങിയതിനെ തുടർന്ന് യുവാവ് ബൈക്ക് ഉപേക്ഷിച്ച് കാൽ നടയായി അതിർത്തി ലക്ഷ്യംവച്ച് നീങ്ങി. അതിനിടെ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം ഒസ്മനാബാദ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

ഒടുവിൽ സിദ്ദീഖിയുടെ സോഷ്യൽ മീഡിയ പരിശോധിക്കുകയും പാകിസ്താൻ സ്വദേശിനിയായ പെൺകുട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ചും പെൺകുട്ടിയെ കാണാൻ പോകുന്നതിനെ കുറിച്ചും മനസ്സിലാക്കി. മൊബൈൽ ട്രെയ്‌സ് ചെയ്തപ്പോൾ കച്ചിലാണെന്ന വിവരവും ലഭിച്ചു. അപ്പോഴേക്കും സിദ്ദീഖി ബിഎസ്എഫിന്റെ പിടിയിലായി.

സിദ്ദീഖിയുടെ കസ്റ്റഡിക്കായി ഒസ്മബാനബാദ് പൊലീസ് കച്ചിലേക്ക് തിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *