കോവിഡ് ഭീഷണിക്കിടയിലും സംസ്ഥാനസര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി 

കുന്ദമംഗലം:ലോകം മുഴുന്‍ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് ഭീഷണിക്കിടയിലും സംസ്ഥാന 
സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി 
വിജയന്‍ പ്രസ്താവിച്ചു. കുന്ദമംഗലത്ത് പ്രവൃത്തി പൂര്‍ത്തീകരിച്ച മിനി സിവില്‍ സ്റ്റേഷന്‍ 
കെട്ടിടത്തിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിച്ച് 
സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് രാജ്യങ്ങളുമായും പ്രദേശങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ കേരളം 
ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും കോവിഡ് വ്യാപനം ഒരു വലിയ 
പ്രതിസന്ധിയായി നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്നതിന് 
ഓഫീസുകള്‍ നിയന്ത്രണങ്ങളോടെ പ്രവൃത്തിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 
ഇതിനിടയില്‍ രാജമല പെട്ടിമുടിയിലുണ്ടായ പ്രകൃതി ദുരന്തത്തിലും കോഴിക്കോട് 
എയര്‍പ്പോര്‍ട്ടിലുണ്ടായ വിമാനാപകടത്തിലും ഒട്ടേറെ പേര്‍ മരണപ്പെട്ടത് 
ഞെട്ടലുളവാക്കിയിരിക്കയാണ്.
പ്രതിസന്ധികളെ സമചിത്തതയോടെ നേരിടാന്‍ സര്‍ക്കാര്‍ എപ്പോഴും 
ജനങ്ങള്‍ക്കൊപ്പമുണ്ടാവും. ആശയകുഴപ്പമുണ്ടാക്കാതിരിക്കാനും സര്‍ക്കാരിന്‍റെ 
പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനും എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം തുടര്‍ന്ന് 
പറഞ്ഞു.

കേരളത്തിലെ ഏക സബ് താലൂക്ക് ആസ്ഥാനവും നാഷണല്‍ ഹൈവേ 766 ലെ സുപ്രധാന ജംഗ്ഷനും ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങളുടെ കേന്ദ്രവുമായ കുന്ദമംഗലത്ത് ഒരു മിനി സിവില്‍സ്റ്റേഷന്‍ ഇല്ലാത്തത് വലിയൊരു 
പോരായ്മയായിരുന്നു. വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടു നില്‍ക്കുന്ന സര്‍ക്കാര്‍ 
ഓഫീസുകള്‍ ഒരു മേല്‍ക്കൂരക്ക് കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയുള്ള 
പ്രവര്‍ത്തനത്തിന് സ്ഥലം ലഭ്യമാക്കുക എന്നതായിരുന്നു ആദ്യ കടമ്പ. പി.ടി.എ റഹീം 
എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരം വി. ബാലകൃഷ്ണന്‍ നായര്‍ പ്രസിഡന്‍റായ 
ബ്ലോക്ക്പഞ്ചായത്ത് ഭരണസമിതിയാണ് മിനി സിവില്‍സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് 
കുന്ദമംഗലത്തിന്‍റെ ഹൃദയഭാഗത്ത് 50 സെന്‍റ് സ്ഥലം ലഭ്യമാക്കിയത്.

8.2 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മിനി സിവില്‍ സ്റ്റേഷന്‍ 577 
ചതുരശ്ര മീറ്റര്‍ വീതം വിസ്തൃതിയുള്ള 5 നിലകളായി കോണ്‍ക്രീറ്റ് പ്രബലിത ചട്ടക്കൂട്ടായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം 
2956 മീറ്റര്‍ സ്ക്വയറാണ്.

കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ഫ്ളോറില്‍ കുന്ദമംഗലം സബ് ട്രഷറി, ഫുഡ് സേഫ്റ്റി 
ഓഫീസ്, ചൈല്‍ഡ് ഡെവലപ്പ്മെന്‍റ് പ്രോജക്ട് ഓഫീസ് എന്നിവയാണ് 
ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം നിലയില്‍ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് 
സെക്ഷന്‍, കൃഷി ഭവന്‍, കുന്ദമംഗലം പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ്, കിഫ്ബി എന്നീ 
ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥലം അനുവദിച്ചിട്ടുണ്ട്. രണ്ടാം നിലയില്‍ 
കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ്, കേരളാ സ്റ്റേറ്റ് വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്റ്റാഫ് ഡൈനിംഗ് റൂം, 
റീക്രിയേഷന്‍ റൂം, യു.പി.എസ് റൂം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാം 
നിലയില്‍ എക്സൈസ് റേഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് സൗകര്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 90 ചതുരശ്ര മീറ്റര്‍ വിസിതീര്‍ണ്ണം ഉള്ള കോണ്‍ഫറന്‍സ് ഹാളും അനുബന്ധ 
വെയിറ്റിംഗ് സ്പേസും ഒരുക്കിയിട്ടുണ്ട്. നാലാം നിലയില്‍ ഭൂജല വകുപ്പ് റീജ്യണല്‍ അനലറ്റിക്കല്‍ ലബോറട്ടറി, അനര്‍ട്ട് ജില്ലാ ഓഫീസ്, ആര്‍ക്കിയോളജിക്കല്‍ 
ഹെറിറ്റേജ് നിലയം എന്നിവ പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥലവും അനുവദിച്ചിട്ടുണ്ട്.
എല്ലാ നിലകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേക ടോയ്ലറ്റുകള്‍, 
ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ഫയര്‍ സ്റ്റെയര്‍ ഉള്‍പ്പെടെ രണ്ട് സ്റ്റെയര്‍ റൂമുകള്‍, ലോബി, പാസ്സേജ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ സഹ 
അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് 
പ്രസിഡന്‍റ് സുനിത പൂതക്കുഴിയില്‍, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പി.ശിവദാസന്‍ നായര്‍ 
സംസാരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എഞ്ചിനീയര്‍ കെ. ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു സ്വാഗതവും 
എ.ഡി.എം റോഷ്നി നാരായണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *