മുളന്തുരുത്തി പള്ളി ഏറ്റെടുത്തു; വൈദികരും വിശ്വാസികളും അറസ്റ്റില്‍ സ്ഥലത്ത് സംഘർഷം

എറണാകുളം: മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി കോടതിവിധിപ്രകാരം ജില്ലാ ഭരണകൂടം ഏറ്റെടുത്തു.  കോടതിവിധിക്കുശേഷവും തര്‍ക്കം തുടരുന്ന പള്ളിയിലേക്ക് രാവിലെ അഞ്ചിനാണ് പൊലീസ് എത്തിയത്.  നൂറുകണക്കിനു വിശ്വാസികളും വൈദികരും പള്ളിയിലും പരിസരത്തുമായി തടിച്ചുകൂടിയിരുന്നു നേതൃത്തില്‍ ശക്തമായ പ്രതിഷേധമാണ് യാക്കോബായ വിഭാഗം ഉയര്‍ത്തിയത്.  പള്ളിയുടെ ഗേറ്റ് കട്ടര്‍ ഉപയോഗിച്ച് പൊലീസ് മുറിച്ചുമാറ്റി. വിശ്വാസികളെ അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റു ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റി. ഏറ്റെടുത്തവിവരം കോടതിയെ അറിയിക്കുമെന്ന് എറണാകുളം സബ് കലക്ടര്‍ അറിയിച്ചു

പൊലീസ് നടപടിയില്‍ വിശ്വാസികള്‍ക്കും പുരോഹിതര്‍ക്കും മെത്രാപ്പൊലീത്തമാര്‍ക്കും പരുക്കേറ്റെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. ഹൃദ്രോഗിയായ മാര്‍ പോളികാര്‍പോസിനെ മര്‍ദിച്ചെന്ന്   കുര്യാക്കോസ് മാര്‍  തെയോഫിലോസ് ആരോപിച്ചു. ഐസക് മാര്‍ ഒസ്താത്തിയോസിനെ വലിച്ചിഴച്ചെന്നും അദ്ദേഹം ആരോപിച്ചു.  ഹൈക്കോടതിയില്‍ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ സമയം ചോദിച്ചിരുന്നു. അതുപോലും അനുവദിക്കാതെയാണ് നടപടിയുണ്ടായതെന്നും മാര്‍ തെയോഫിലോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *