ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കമായി

കുന്നമംഗലം : ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്‌ഥാന തലത്തിൽ നടത്തുന്ന പ്രവർത്തന ഫണ്ട് സമാഹരണത്തിന് കുന്നമംഗലം മണ്ഡലത്തിൽ തുടക്കമായി. മണ്ഡലംതല ഉദ്ഘാടനം വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളത്തിന് നൽകികൊണ്ട് നിർവഹിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ ഒരു വർഷത്തേക്കുള്ള പ്രവർത്തന ഫണ്ട് സമാഹരണം നടക്കുന്നത്.
നവജനാധിപത്യം, സാമൂഹ്യനീതി, സാഹോദര്യം എന്നീ രാഷ്ട്രീയ ആശയങ്ങളിൽ അധിഷ്ഠിതമായി കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ദേശീയതലത്തിലും കേരളത്തിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥി യുവജന പ്രസ്ഥാനമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ്. ക്യാംപസുകളിലും പൊതു സാമൂഹിക ഇടങ്ങളിലും സാമൂഹ്യ – രാഷ്ട്രീയ – വിദ്യാഭ്യാസ – വൈജ്ഞാനിക – നിയമപോരാട്ട മേഖലകളിൽ സാമൂഹ്യനീതിക്കും തുല്യാവകാശങ്ങൾക്കുമായി ഫ്രറ്റേണിറ്റി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ എല്ലാ ജനവിഭാഗങ്ങളും തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ എൻ. ദാനിഷ്, സി. അബ്ദുറഹ്മാൻ, സിറാജുദ്ദീൻ ഇബ്നുഹംസ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *