പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ മന:പ്പാഠമാക്കിഅത്ഭുതം സൃഷ്ടിച്ച് ഫാത്വിമ റൈഹാന കുന്ദമംഗലം


കുന്നമംഗലം : പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പാഠമാക്കി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഫാത്വിമ റൈഹാന കുന്ദമംഗലം. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഈ മിടുക്കി മലപ്പുറം മഅ്ദിന്‍ അക്കാദമി ക്യാമ്പസിലാണ് പഠിക്കുന്നത്.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫാത്വിമ റൈഹാന ഖുര്‍ആന്‍ മന:പ്പാഠമാക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. ഉമ്മ കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കണ്ടും കേട്ടുമാണ് ഖുര്‍ആനിനോടുള്ള ഇഷ്ടം വര്‍ദ്ധിച്ചത്. ഏഴ് വയസ് പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ഖുര്‍ആനില്‍ നിന്നും ഒരു ജുസ്അ് മന:പ്പാഠമാക്കി. ഒരു ജുസ്അ് പഠിച്ചതിനുള്ള പ്രോത്സാഹന സമ്മാനം സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങളില്‍ നിന്നും കൈപ്പറ്റിയപ്പോള്‍ ഫാത്വിമ റൈഹാനക്ക് ഖുര്‍ആന്‍ കൂടുതല്‍ പഠിക്കണമെന്ന വഴിത്തിരിവിലേക്കെത്തിച്ചു. എട്ടാം വയസ്സില്‍ 10 ജുസ്അ് മന:പ്പാഠമാക്കി. ഖുര്‍ആന്‍ നോക്കി പാരായണം ചെയ്യാന്‍ പ്രയാസപ്പെട്ട ഈ ചെറുപ്രായത്തില്‍ പെന്‍ഖുര്‍ആന്‍ ഉപയോഗപ്പെടുത്തി നിരന്തരം കേട്ടാണ് ഖുര്‍ആന്‍ മന:പ്പാഠം സ്വായത്തമാക്കിയത്. ഈ ലോക്ഡൗണ്‍ കാലയളവിലും പിന്തിരിയാതെ വിജയം കൈവരിക്കാന്‍ ഫാത്വിമ റൈഹാന പരിശ്രമിച്ചു.
മഅ്ദിനിലെ പെണ്‍കുട്ടികള്‍ക്കുള്ള ഖുര്‍ആന്‍ പഠന കേന്ദ്രമായ ക്യൂ ലാന്റില്‍ സ്‌കൂള്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഖുര്‍ആന്‍ മന:പ്പാഠമാക്കാന്‍ ചേര്‍ത്തിയത്. രണ്ട് വര്‍ഷം മുമ്പ് ദുബായില്‍ നടന്ന ശൈഖ് ഫാത്തിമ ബിന്‍ത് മുബാറക് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ മൂന്നാമത് എഡിഷനില്‍ 14 ദിവസം നീണ്ടുനിന്ന പരിപാടി നേരിട്ട് വീക്ഷിക്കാന്‍ അവസരം ലഭിച്ച ഫാത്വിമ റൈഹാനക്ക് പ്രത്യേക ഒരു നിര്‍വൃതിയാണ് സമ്മാനിച്ചത്. പ്രസ്തുത പരിപാടിയില്‍ വ്യത്യസ്ത ശൈലിയിലും ഈണത്തിലുമുള്ള ഖുര്‍ആന്‍ പാരായണം കേട്ടപ്പോള്‍ ഖുര്‍ആന്‍ ഉടനെ പൂര്‍ത്തിയാക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്തു. ഖുര്‍ആനിനോടുള്ള അമിതമായ താല്‍പര്യവും നിരന്തരമായ പരിശ്രമവും ദൃഢപ്രതിജ്ഞയുമാണ് പതിനൊന്ന് വയസ്സായപ്പോഴേക്കും ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പാഠമാക്കാന്‍ പ്രേരിപ്പിച്ചത്. അദ്ധ്യാപകരുടെ നിരന്തരമുള്ള പ്രോത്സാഹനവും രക്ഷിതാക്കളുടെ അവസരോചിതമായ പിന്തുണയുമാണ് ഫാത്വിമാ റൈഹാനക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. നന്നായി ചിത്രം വരക്കുന്നതോടൊപ്പം പ്രസിദ്ധരായ ഖുര്‍ആന്‍ ഖാരിഈങ്ങളുടെ പാരായണ ശൈലി കേള്‍ക്കലും ബുര്‍ദ ആലാപനവുമാണ് പ്രധാന വിനോദങ്ങള്‍. ഹാഫിളത്തും ആലിമത്തിനുമൊപ്പം ഡോക്ടറാവാനാണ് ഫാത്വിമ റൈഹാന ആഹ്രഗിക്കുന്നത്. മലപ്പുറം മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മഞ്ചേരി പുല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ ക്യൂ ലാന്റില്‍ ഖുര്‍ആന്‍-മദ്‌റസ പഠനത്തോടൊപ്പം മഅ്ദിന്‍ പബ്ലിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂടിയാണ് ഫാത്വിമ റൈഹാന. മദ്‌റസാ സ്‌കൂള്‍ പഠനങ്ങളില്‍ ഏറെ മികവ് തെളിയിച്ച ഈ മിടുക്കി നിരവധി സമ്മാനങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇതിനകം ഐഎഎംഇ ജില്ലാ തല കെജിഫെസ്റ്റില്‍ കലാതിലക പട്ടം നേടിയിട്ടുണ്ട്. കേരളത്തില്‍ പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പാഠമാക്കിയ പ്രഥമ പെണ്‍കുട്ടി കൂടിയാണ് ഫാത്വിമ റൈഹാന. മഅ്ദിന്‍ ക്യൂലാന്റ് ഡയറക്ടര്‍ സൈനുദ്ധീന്‍ നിസാമിയുടേയും ഖുര്‍ആന്‍ അധ്യാപികയായ വി.പി ഹാജറയുടേയും മൂത്ത മകളാണ് ഫാത്വിമ റൈഹാന. മുഹമ്മദ് തമീം, ആയിശ എന്നിവര്‍ സഹോദരങ്ങളാണ്. ഇന്ത്യന്‍ ഗ്യാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ക്യൂ ലാന്റ് ഫൗണ്ടര്‍ മൊയ്തീന്‍ മുസ്ലിയാര്‍ പള്ളിപ്പുറം, മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍......

തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *