കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അബ്ദുൽ ഹാരിസ് (39) മക്കയിൽ ഷോക്കേറ്റ് മരിച്ചു.

ജിദ്ദ: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി നടുവീട്ടിൽ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുൽ ഹാരിസ് (39) മക്കയിൽ ഷോക്കേറ്റ് മരിച്ചു. മക്കയിലെ ‘ഷറായ’യിൽ മിനി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. കടയിലെ റെഫ്രിജറേറ്റർ പരിശോധിക്കുന്നതിനിടയിൽ ഷോക്കേറ്റ് തറയിൽവീണുകിടക്കുന്നത് കണ്ട ഹാരിസിനെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മാതാവ്: പുത്തലത്ത് സുബൈദ, ഭാര്യ: കായിക്കൽ ഷാദിയ (ചെറുവാടി). മക്കൾ: ഇലാൻ മുഹമ്മദ്, ഇഷാൻ ഹമീദ്, ഇഫ്രാൻ. മൃദദേഹം മക്കയിലെ അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്. അനന്തര നഫാപടിക്രമങ്ങൾ പൂത്തീകരിച്ചു വരികയാണ്.

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക വല്‍ മുല്‍ക് ലാ ശരീകലക്…”.

ജിദ്ധ: ”ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക വല്‍ മുല്‍ക് ലാ ശരീകലക്…”.
തല്‍ബിയത്തിന്റെ ധ്വനികളുമായി സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലെത്തിയ തീര്‍ത്ഥാടകര്‍ ഇന്ന് മിനാ താഴ്‌വരയിലെത്തുന്നതോടെ ഇക്കൊല്ലത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് വിശുദ്ധിയുടെ താഴ്‌വാരത്തില്‍ ശാന്തമായ അന്തരീക്ഷത്തിലാണ് തുടക്കമാവുക. മക്കയിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുന്ന തീര്‍ത്ഥാടകര്‍ മിനായില്‍ ഒരുക്കിയ പ്രത്യേക കെട്ടിടങ്ങളിലേക്കാണ് ആരോഗ്യ സുരക്ഷാ പ്രവര്‍ത്തകരുടെ പ്രത്യേക നിരീക്ഷണത്തില്‍ എത്തുക. ഹാജിമാരുടെ എണ്ണം പരിമിതമാണെങ്കിലും മിനാ താഴ്‌വര ഹാജിമാരുടെ തല്‍ബിയ്യത്തിന്റെ മന്ത്രങ്ങളാല്‍ മുഖരിതമാകും. ഇഹലോക ജീവിതത്തിലെ ചിരകാല സ്വപ്നമായ വിശുദ്ധ കര്‍മം നിര്‍വഹിക്കാന്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ കോവിഡ് മൂലമുള്ള സകല നിയന്ത്രണങ്ങളും കൃത്യമായി പാലിച്ചു കൊണ്ടാകും കര്‍മങ്ങള്‍ നിര്‍വഹിക്കുക. പരമാവധി പതിനായിരം പേര്‍ക്ക് അവസരമുണ്ടാകുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ഹജ്ജ് മന്ത്രാലയം അറിയിച്ചത്. എന്നാല്‍, കോവിഡ് സാഹചര്യത്തില്‍ സുരക്ഷിതമായി ഹജ്ജ് നടത്തുന്നതിനായി എണ്ണം ആയിരത്തില്‍ നിജപ്പെടുത്തി. ഇതില്‍ 700 പേര്‍ വിദേശികളാണ്. കോവിഡ് പ്രതിരോധത്തില്‍ പങ്ക് വഹിച്ച ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരുമാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്ന സ്വദേശികള്‍.
ഇന്നത്തെ പകല്‍ മിനായില്‍ പ്രാര്‍ത്ഥനകളോടെ കഴിച്ചു കൂട്ടുന്ന തീര്‍ത്ഥാടകര്‍ ആരാധനാ കര്‍മങ്ങളില്‍ മുഴുകും. രാത്രി മിനായില്‍ രാപാര്‍ത്ത ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ഹജ്ജിന്റെ സുപ്രധാന കര്‍മം നടക്കുന്ന അറഫയെ ലക്ഷ്യമാക്കി നീങ്ങും. ളുഹ്‌റിന് മുന്‍പായി ഹാജിമാര്‍ അറഫ മൈതാനിയിലെത്തിച്ചേരും. അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹ്ര്‍ നമസ്‌കാരത്തിന് മുന്‍പായി അറഫ ഖുതുബ നടക്കും. തുടര്‍ന്ന് ളുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്‌കരിക്കും. പാപ മോചന പ്രാര്‍ത്ഥനകളും ദിക്‌റുകളും ഉരുവിട്ടും ശനിയാഴ്ച സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ പ്രത്യേകം സംവിധാനിച്ച സ്ഥലങ്ങളില്‍ കഴിച്ചു കൂട്ടും. പിന്നീട്, മുസ്ദലിഫയിലെത്തി രാപാര്‍ക്കും. മുസ്ദലിഫയില്‍ എത്തിയ ശേഷമാണ് ഹാജിമാര്‍ മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുക. വെള്ളിയാഴ്ച രാവിലെ മിനായില്‍ തിരിച്ചെത്തി ജംറത്തുല്‍ അഖബയില്‍ പിശാചിനെ കല്ലെറിയല്‍ ചടങ്ങ് നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്‍ മിനയില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ചെയ്യും.
ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ്ജ് ഒമ്പതിന് ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ അറഫാ നോമ്പനുഷ്ഠിച്ച് ഹാജിമാരോട് ഐക്യദാര്‍ഢ്യം പ്രകടപ്പിക്കും. തീര്‍ത്ഥാടകര്‍ പരസ്പരം കൂടിച്ചേരാത്ത രീതിയില്‍ ത്വവാഫ്, അറഫാ സംഗമം ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക കോവിഡ് പ്രൊട്ടോകോള്‍ സിസ്റ്റമാണ് പുണ്യ കേന്ദ്രങ്ങളിലെല്ലാം നടപ്പാക്കുന്നത്. അറഫയില്‍ തീര്‍ത്ഥാടകര്‍ തങ്ങുന്ന ക്യാമ്പ്, ജബലുറഹ്മയിലേക്കുള്ള ഹാജിമാരുടെ നീക്കം ക്രമീകരിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍, മുസ്ദലിഫയില്‍ ഹാജിമാര്‍ക്ക് ഭക്ഷണം, വിതരണം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ അത്യാധുനിക സൗകര്യങ്ങള്‍ തുടങ്ങി എല്ലാ ഒരുക്കങ്ങളും അതീവ ജാഗ്രതയോടെയാണ് പൂര്‍ത്തിയാക്കിയത്.

കാസർകോട് പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിച്ച ഒന്നരവയസുകാരിക്ക് കോവിഡ്

രാജപുരം: പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിച്ച ഒന്നരവയസുകാരിക്ക് കോവിഡ്. പാണത്തൂര്‍ വട്ടക്കയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന ദമ്പതികളുടെ മകളെ മൂന്നു ദിവസം മുമ്പാണ് വീടിനകത്ത് വച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് ആശുപത്രിയിലെതിച്ചത് ബിഹാർ സ്വദേശികളായ അധ്യാപക ദമ്പതികള്‍ ജൂലൈ 16മുതൽ ക്വാറന്‍റീനിൽ കഴിയുകയായിരുന്നു. ഇതേതുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാര്‍ക്ക് സാധിച്ചിരുന്നില് പാമ്പുകടിയേറ്റ് കുട്ടി നിലവിളിച്ചുകൊണ്ടിരിക്കെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സഹായമഭ്യർഥിച്ചെങ്കിലും ക്വാറന്‍റീനിൽ കഴിയുന്നവരായതുകൊണ്ട് ആരും എത്തിയില്ല. ഒടുവില്‍ അയല്‍വാസിയായ ജിനില്‍ മാത്യുവാണ് കുട്ടിയെ ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് പാമ്പ് കടിയേറ്റതിനുള്ള ചികിത്സക്കുപുറമെ കുട്ടിയെ കോവിഡ് പരിശോധനക്കും വിധേയമാക്കി. പരിശോധനാഫലം വെള്ളിയാഴ്ച പുറത്തുവന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത് ഇതോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ജിനില്‍മാത്യുവും ക്വാറന്‍റീനിൽ പോയി. വീട്ടിലെ ജനല്‍കര്‍ട്ടനിലൂടെ ഇഴഞ്ഞെത്തിയ അണലിയാണ് കുഞ്ഞിനെ കടിച്ചതെന്ന് പറയുന്നു.

ആപ്പിൾ ഐഫോൺ ഇനി ഫ്രം ‘ചെന്നൈ’

ആപ്പിൾ ഐഫോൺ ആദ്യമായി ഇന്ത്യയിൽ നിർമിക്കുന്നു. ഇനി മുതൽ ചെന്നൈയിൽ നിന്നും ഫോൺ 11 നിർമിക്കും. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള അമേരിക്കയുടെ നടപടിയുടെ ഭാഗമായാണ് ഐഫോൺ നിർമാണം ഇന്ത്യയിലേക്ക് കൂടി നീട്ടുന്നത്.

ഇന്ത്യൻ നിർമിത ഐ-ഫോൺ 11 മറ്റ് രാജ്യങ്ങളിലേക്കും കയറ്റി അയക്കും. ഇതോടെ ഇന്ത്യയിൽ ഐഫോണിന്റെ വില കുറയുമെന്നാണ് സൂചന. വില കുറയ്ക്കുന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ലെങ്കിലും ഇന്ത്യയിൽ നിർമിക്കുമ്പോൾ ഇറക്കുമതി തീരുവയിൽ 22 ശതമാനത്തിന്റെ ലാഭം ആപ്പിളിനുണ്ടാകും. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഐഫോണിന് ഇനി വിലകുറയുമെന്നാണ് പറയപ്പെടുന്നത്.

ചെന്നൈയിലേക്ക് നിർമാണം മാറ്റുന്നതിനൊപ്പം ഐഫോൺ എസ്ഇ ബംഗളൂരുവിലെ വിസ്‌ട്രോൺ പ്ലാന്റിൽ നിർമിക്കാനും ആലോചിക്കുന്നുണ്ട് അധികൃതർ.

സെപ്തംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച മൂന്ന് മോഡലുകളിൽ ഐഫോൺ 11 ആണ് ഏറ്റവും കൂടുതൽ ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഫോക്‌സ്‌കോൺ പ്ലാന്റിൽ ആപ്പിളിന്റെ XR ഉം വിസ്‌ട്രോൺ ഫാക്ടറിയിൽ ഐഫോൺ 7ഉം നിർമിക്കും.

വിമാനയാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് 1.3 കോടി ധനസഹായവുമായി എമിറേറ്റ്സ് എയർലൈൻസ്

വിമാനയാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് 1.3 കോടി രൂപ വരെ ചികിത്സാ ചിലവായി നൽകുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. ഒക്ടോബർ 31വരെ എമിറേറ്റ്സ് എയർലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭ്യമാകുക.യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കൊവിഡ് ബാധയുണ്ടായാൽ ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിർഹം) മെഡിക്കൽ ചെലവിനത്തിൽ ഇൻഷുറൻസായി എമിറേറ്റ്സ് നൽകും. കൂടാതെ, ഇത്തരത്തിൽ രോഗബാധയുണ്ടാകുന്നവർക്ക് 14 ദിവസത്തേക്ക് 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീൻ ചെലവുകൾക്കും നൽകും.എമിറേറ്റ്സ് ഉപയോക്താക്കൾക്ക് തീർത്തും സൗജന്യമായുള്ള ചികിത്സാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി പ്രത്യേക രജിസ്‌ട്രേഷനോ യാത്രയുടെ ദൈർഘ്യമോ പ്രശ്‌നമുള്ളതല്ല. യാത്രയ്ക്കായി ടിക്കറ്റെടുക്കുമ്പോൾ തന്നെ ഇതുസംബന്ധിച്ച വിവരങ്ങൾ എയർലൈൻസ് നൽകും. യാത്രചെയ്യുന്ന ദിവസം മുതൽ 31 ദിവസത്തേക്കാണ് ചികിത്സാ സഹായത്തിന് സാധുതയുണ്ടാവുക. ഉപഭോക്താക്കൾ ലക്ഷ്യസ്ഥാനത്തെത്തി അവിടെ നിന്ന് മറ്റൊരുസ്ഥലത്തേക്ക് യാത്ര ചെയ്താലും ഈ സേവനം ലഭ്യമാകുന്നതാണ്. കൂടതൽ വിവരങ്ങൾക്ക് യാത്രക്കാർ ഈ ലിങ്കുമായി ബന്ധപ്പെടാം: www.emirates.com/COVID19assistance.

83 വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ നൽകി നെറ്റ്ഫ്‌ളിക്‌സ്

ഒൺലൈൻ സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിക്കുന്നു. 83 വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ നൽകി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ‘ദി ഓൾഡ് ഗാർഡ്’ എന്ന വീഡിയോ ഗെയിം കളിച്ച് ഏറ്റവും വലിയ സ്‌കോർ നേടുന്നവർക്കാണ് 83 വർഷത്തേക്ക് സബസ്‌ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് നെറ്റ്ഫ്‌ളിക്‌സ് ‘ദി ഓൾഡ് ഗാർഡ്’ എന്ന ചിത്രം പുറത്തിറക്കുന്നത്. ചാർലിസ് തെറോണാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഓൾഡ് ഗെയിമിൽ ലാബ്രീസ് വീൽഡിംഗ് ഇമ്മോർട്ടലായാണ് നിങ്ങൾ കളിക്കേണ്ടത്. ശത്രുക്കളെ പരാജയപ്പെടുത്തുകയാണ് കളിയുടെ ലക്ഷ്യം.

ബ്രൗസർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന കളിയാണ് ‘ദി ഓൾഡ് ഗാർഡ് ഗെയിം’. ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് ഗെയിം കളിക്കേണ്ടത്. വലിയ ഇരുതലയുള്ള കോടാലി ഉപയോഗിച്ച് കഴിയാവുന്നത്ര ശത്രുക്കളെ കൊലപ്പെടുത്തുകയാണ് കളിയുടെ ലക്ഷ്യം. ശത്രുക്കൾക്ക് നിങ്ങളെ കൊല്ലാൻ പറ്റില്ല. എന്നാൽ ഓരോ തവണ ശത്രു നിങ്ങളെ കൊല്ലാൻ ശ്രമിക്കുമ്പോഴും നിങ്ങളുടെ വേഗത കുറയും. അതുകൊണ്ട് തന്നെ ശത്രുവിന്റെ ആക്രമണത്തിന് ഇരയാകാതെ മുന്നേറാൻ ശ്രദ്ധിക്കണം.ജൂലൈ 19 വരെയാണ് ഗെയിം ഉണ്ടാവുക. ഈ കാലയളവിൽ ഏറ്റവും കൂടുതൽ സ്‌കോർ കരസ്ഥമാക്കുന്ന വ്യക്തിക്കാണ് 83 വർഷം നെറ്റ്ഫ്‌ളിക്‌സ് സൗജന്യമായി സബ്‌സ്‌ക്രിപ്ഷൻ നൽകുന്നത്. അമേരിക്കയിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ മത്സരമുള്ളു.

അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,12,477 ആയി

കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 1,12,477 ആയി. 20,90,266 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7,61,723 പേർക്ക് രോഗം ഭേദമായി.

കൊവിഡ് മൂലം അമേരിക്കയിൽ ഇന്നലെ 373 പേരാണ് മരിച്ചത്. 18,905 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 16,923 പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. ന്യൂയോർക്കിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 3,98000 കടന്നു. 30,442 ആണ് ഇവിടുത്തെ മരണസംഖ്യ. ന്യൂജേഴ്സിയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി അറുപത്താറായിരം കടന്നപ്പോൾ മരണസംഖ്യ 12,216 ആയി. മസാച്യുസെറ്റ്സിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി മൂവായിരം കടന്നു. മരണസംഖ്യ 7,316 ആയി. ഇല്ലിനോയ്സിലെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തേഴായിരം കടന്നു. ഇവിടുത്തെ മരണസംഖ്യ 5,904 ആണ്.

മരണസംഖ്യ കുറഞ്ഞുവരുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വലിയ ആശങ്ക വേണ്ടെന്ന് നിലപാടിലാണ് ആരോഗ്യ വിദഗ്ധർ. പരിശോധനകൾ കൂടുന്നതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് അവർ പറയുന്നു. രാജ്യത്ത് ഇതുവരെ രണ്ട് കോടിയിലധികം കൊവിഡ് പരിശോധനകൾ നടത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് അന്തരിച്ചു

മസ്കറ്റ് :
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു. 79 വയസ്സ് പ്രായമായിരുന്നു. അർബുദ രോഗബാധിതനായി ബെൽജിയത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയോടെയാണ് വിടവാങ്ങിയത്. അറബ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന ചുരുക്കം ഭരണാധികാരികളിൽ ഒരാളാണ് സുൽത്താൻ ഖാബൂസ്. അര നൂറ്റാണ്ടിന്റെ ചരിത്ര പരമായ ദൗത്യം നിറവേറ്റിയാണ് മടക്കം.
ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുൽത്താനായി 1970 ജൂലായ് 23-നാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ് അധികാരമേറ്റത്. അവിവാഹിതനാണ്.

സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും മാസൂൺ അൽ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബർ പതിനെട്ടിന് സലാലയിൽ ജനനം. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്. ഇന്ത്യയുമായി അദ്ദേഹം എന്നും ഊഷ്മളമായ ബന്ധത്തിലായിരുന്നു.

ലണ്ടനിലെ സ്റ്റാൻഡേർഡ് മിലിട്ടറി അക്കാദമിയിൽനിന്ന് ആധുനികയുദ്ധതന്ത്രങ്ങളിൽ അദ്ദേഹം നൈപുണ്യംനേടി. തുടർന്ന് പശ്ചിമജർമനിയിലെ ഇൻഫൻട്രി ബറ്റാലിയനിൽ ഒരുവർഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്കറ്റ് ആൻഡ് ഒമാൻ എന്ന പേരുമാറ്റി സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നാക്കി സ്വന്തംരാജ്യത്തെ ലോകത്തിലടയാളപ്പെടുത്തി.

ആധുനിക ഒമാനിന്റെ ശില്പിയും
പശ്ചിമേഷ്യയിലെ സമാധാന പ്രിയനായ ഭരണാധികാരിയുമായിരുന്നു
സുൽത്താൻ ഖാബൂസ്.
നിഷ്പക്ഷമായ നിലപാടും
നിഷ്കളങ്കമായ സമീപനവും
നിസ്വാർത്ഥമായ ഇടപെടലുകളും
നിശ്ചയ ദാർഢ്യത്തോടെയുള്ള പ്രയാണവും
അറബ് രാജ്യങ്ങളിൽ അദ്ദേഹത്തിന്
ശാന്തനായ ഭരണാധികാരിയെന്ന
പദവി നൽകിയിരുന്നു.
അസുഖ ബാധിതനായി ചികിത്സയിൽ
കഴിഞ്ഞപ്പോഴും രാജ്യത്തെ പുരോഗതിയുടെ
പാതയിലേക്ക് നയിക്കുന്നതിൽ ജാഗരൂഗനായിരുന്നു.. മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കും മറ്റു വിദേശികൾക്കും ഒമാനിന്റെ കവാടം മലർക്കെ തുറന്നിട്ട സുൽത്താൻ ഖാബൂസ് രാജ്യത്തെ ആധുനിക വികസനത്തിലേക്ക് നയിക്കുന്നതിനിടെയാണ് വിടവാങ്ങിയത്.

പശ്ചിമേഷ്യൻ മേഖലയിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിൽ പലപ്പോഴും മധ്യവർത്തിയുടെ റോളിലായിരുന്ന സുൽത്താൻ ഖാബൂസ് മേഖലയിൽ സമാധാനം നിലനിർത്താൻ അഹോരാത്രം യത്നിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.

ഖത്തറിനെ മടയിൽ ചെന്നു തളച്ചു ഇന്ത്യ

ദോഹ:ഖത്തറിനെ മടയിൽ ചെന്നു തളച്ചു ഇന്ത്യ
ലോകകപ്പ് യോഗ്യത ഫുട്‌ബോൾ മത്സരത്തിൽ ചാമ്പ്യൻമാരായ ഖത്തർ ടീമിനെ ഗോൾ രഹിത സമനിലയിൽ തളച്ചു ഇന്ത്യൻ ടീമിന്റ തകർപ്പൻ മുന്നേറ്റം
കരുത്തരായ ഖത്തറിനെതിരെ ഇന്ത്യ ഇന്നിറങ്ങിയത്നായകന്‍ സുനില്‍ ഛേത്രിയില്ലാതെ. ആദ്യ മത്സരത്തില്‍ ഒമാനോട് പരാജയപ്പെട്ട ഇന്ത്യക്ക് ഛേത്രിയില്ലാത്തത് തിരിച്ചടിയാണന്ന് കരുതിയവർക്ക് തെറ്റി പരുക്കേറ്റതിനാലാണ് നായകന് ഇന്നിറങ്ങാന്‍ കഴിയാതിരുന്നത്മലയാളി താരങ്ങളായ സഹലും ആഷിഖും ഫസ്റ്റ് ഇലവനിലുണ്ടായിരുന്നു അനസ് എടത്തൊടിക സബ്സ്റ്റിറ്റിയൂട്ടായി ഇടം നേടിയിട്ടുണ്ട്.
ഏഷ്യന്‍ കപ്പ് ജേതാക്കളായ ഖത്തറിന് ഫിഫ റാങ്കിംഗില്‍ 62ാം സ്ഥാനമുണ്ട്. 103ാം സ്ഥാനത്താണ് ഇന്ത്യ. ഒമാനെതിരായ മത്സരത്തില്‍ ഛേത്രിയുടെ ഗോളില്‍ ലീഡ് നേടിയിരുന്ന ഇന്ത്യ അവസാന എട്ട് മിനുട്ടില്‍ വഴങ്ങിയ രണ്ടു ഗോളുകള്‍ക്കാണ് തോറ്റത്. ഇന്ത്യന്‍ സമയം രാത്രി പത്തിന് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-ഖത്തര്‍ മത്സരം നടന്നത്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്പാല്‍ റെഡ്ഡി  അന്തരിച്ചു.

ന്യൂഡെൽഹി :മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്പാല്‍ റെഡ്ഡി അന്തരിച്ചു. തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. യു.പി.എ. ഒന്ന്, രണ്ട് മന്ത്രിസഭകളില്‍ അംഗമായിരുന്നു. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ നഗരവികസന, വാര്‍ത്താവിതരണ മന്ത്രിയായിരുന്നു അദ്ദേഹം.