കോൺഗ്രസ് ദേശീയ അധ്യക്ഷയായി സോണിയ തുടരും

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് തീരുമാനം. കോണ്‍ഗ്രസിന്റെ ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ കുറച്ചു മാസങ്ങള്‍ കൂടി തുടരാനാണ് തീരുമാനം. സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസ്സാക്കി.

പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് വരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധി തന്നെ വേണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ എഐസിസി പ്രത്യേക യോഗം വിളിക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

1999ലും 2006ലും സോണിയ രാജിക്കു തയാറായെങ്കിലും പാർട്ടി ഒറ്റക്കെട്ടായി അവരുടെ നേതൃത്വത്തിൽ വിശ്വാസം പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോള്‍ കോൺഗ്രസിന്റെ ലോക്സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കേരളം ഉൾപ്പെടെയുള്ള പിസിസികൾ എന്നിവ വീണ്ടും സോണിയയിൽ വിശ്വാസമർപ്പിക്കുകയും പാർട്ടി നേതൃത്വത്തിൽ തുടരാൻ അവരോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത പദവിയിലേക്കു തങ്ങളില്ലെന്ന് രാഹുലും പ്രിയങ്കയും തുടക്കത്തിലേ സൂചിപ്പിച്ചിരുന്നു.

കോണ്‍ഗ്രസിനെ നയിക്കാന്‍ മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിട്ട് ഏറെക്കാലമായി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തണം എന്നാണ് ഭൂരിപക്ഷവും ആവശ്യപ്പെട്ടത്. എന്നാല്‍ 2019ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുളള രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ രാഹുല്‍ ഗാന്ധി ഈ ഘട്ടം വരെയും തയ്യാറായിട്ടില്ല.

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ്.

കൊച്ചി: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ്. അന്താരാഷ്ട്ര കീഴ് വഴക്കമനുസരിച്ച്‌ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷംമുതല്‍ ഒരുകോടിവരെ രൂപ നഷ്ടപരിഹാരം ലഭിച്ചേക്കും.

ഇന്ത്യയിലെ നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കന്പനികളുടെ കണ്‍സോര്‍ഷ്യമാണ് വിമാനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരബാധ്യത കുറയ്ക്കാന്‍ വിദേശത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ പുനര്‍ ഇന്‍ഷുറന്‍സ് (റീ ഇന്‍ഷുറന്‍സ്) നല്‍കിയിട്ടുമുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ.) അന്വേഷണറിപ്പോര്‍ട്ടിനും ഇന്‍ഷുറന്‍സ് കമ്പനികളുടെ സര്‍വേ റിപ്പോര്‍ട്ടിനും ശേഷമേ തുക കിട്ടൂ.

മൂക്കിനുള്ളിലൂടെ ഒരു കോല് കടത്തി, തലച്ചോറിനെ വരെ കുത്തിയിളക്കിയിട്ടാണ് ഈ പരിശോധനയൊക്കെ നടത്തുന്നത്. മാറണം ഈ വിലയിരുത്തൽ

അൻഫാസ് കാരന്തൂർ

[ ‘മൂക്കിനുള്ളിലൂടെ ഒരു കോല് കടത്തി, തലച്ചോറിനെ വരെ കുത്തിയിളക്കിയിട്ടാണ് ഈ പരിശോധനയൊക്കെ നടത്തുന്നത്.’ ]

കൊവിഡ് ടെസ്റ്റിംഗിന് സ്വാബ് എടുക്കുന്നതിനെ പറ്റി ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു മെസേജിലെ വാചകമാണ്.

തലച്ചോറിലേക്കെത്താൻ ഇത്ര എളുപ്പമായിരുന്നെങ്കിൽ എത്ര ന്യൂറോ ശസ്ത്രക്രിയകൾ കഷ്ടപ്പെട്ട് എല്ലൊന്നും പൊട്ടിക്കാതെ എളുപ്പത്തിൽ ചെയ്യാമായിരുന്നു. അല്ലെങ്കിൽ ഒന്ന് തുമ്മിയാൽ തന്നെ തലച്ചോറ് മൂക്കിലൂടെ പുറത്തു വരുമായിരുന്നല്ലോ. ഇത്തരം വ്യാജ സന്ദേശങ്ങൾ പടച്ചുവിടുന്നവർ, ഒന്നുകിൽ മനുഷ്യശരീരത്തെ പറ്റി LP സ്കൂൾ ലെവൽ അറിവുപോലുമില്ലാത്ത ഒരാളാണ്. അല്ലെങ്കിൽ, മനുഷ്യരെ വെറുതെ ഭയപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന ഒരു സാഡിസ്റ്റ്.

ഈ വ്യാജസന്ദേശം വായിച്ച് ആശങ്കപ്പെട്ടിരിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകും. അവർക്കുവേണ്ടി മാത്രം പറയുന്നതാണ്, നമ്മുടെ തലച്ചോർ മൂക്കിൻ്റെ പുറകിലും മുകളിലുമായി എല്ലുകൾ കൊണ്ട് നിർമ്മിച്ച ശക്തമായ ഒരു കൂടിനുള്ളിൽ വളരെ സുരക്ഷിതമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് ടെസ്റ്റിന് സ്വാബെടുക്കുന്നതിന് തലച്ചോറുമായി ഒരു ബന്ധവുമില്ല. നമ്മൾ വായ നല്ലവണ്ണം തുറക്കുമ്പോൾ ഏറ്റവും പിറകിൽ കാണുന്ന ഭിത്തിയില്ലേ, അതാണ് അണ്ണാക്ക് അഥവാ ഓറോഫാരിംഗ്സ്. അതിൻ്റെ തന്നെ തുടർച്ചയായി മൂക്കിന് പുറകിലുള്ള, നമുക്ക് നേരിട്ട് നോക്കിയാൽ കാണാൻ പറ്റാത്ത ഭാഗമാണ് നേസോഫാരിങ്ക്സ് (Nasopharynx). അവിടെയുള്ള ശ്ലേഷ്മ സ്തരത്തിൽ നിന്നാണ് കൊവിഡ് പരിശോധനയ്ക്ക് വേണ്ടി സ്രവം സ്വാബിൽ ശേഖരിക്കുന്നത്.

കൊവിഡ് കണ്ടുപിടിക്കുന്നതിനുള്ള വിവിധതരം ടെസ്റ്റുകളെ പറ്റി ഇൻഫോക്ലിനിക് മുമ്പ് എഴുതിയിട്ടുള്ളതാണ്. അതിൽ പിസിആർ ടെസ്റ്റ്, ആൻറിജൻ ടെസ്റ്റ് എന്നിവയ്ക്കാണ് മൂക്കിൽ നിന്നും സ്രവം എടുത്ത് പരിശോധിക്കുന്നത്. ഒരാൾ രോഗബാധിതനാണോ അല്ലയോ എന്നറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ടെസ്റ്റുകളാണ് ഇവ രണ്ടും.

ഇനി ദാ ഈ ഡയലോഗുകൾ കൂടി ഒന്ന് കേട്ടുനോക്കൂ,

”കഴിഞ്ഞ തവണ മറ്റേ ഹോസ്പിറ്റലീന്ന് എടുത്തപ്പോ ഇത്ര ഇറിറ്റേഷൻ ഉണ്ടായില്ലല്ലോ ഡോക്റ്ററേ.. ഇങ്ങളെന്താ കിണറ് കുഴിയ്ക്കാണോ.?!”

”എയർപോർട്ടിന്നെടുത്തപ്പോ പെട്ടെന്ന് കഴിഞ്ഞു.. ഹോസ്പിറ്റലിലെ സ്റ്റാഫിന് അവര്ടെ അത്ര അറിയില്ലാന്ന് തോന്നുന്നു.”

”എന്റെ അച്ഛന് ഹെൽത്ത് സ്റ്റാഫെടുത്തപ്പോ മുക്കീന്ന് ചോര വരെ വന്നു, പക്ഷേ എനിക്കിപ്പൊ തീരെ ബുദ്ധിമുട്ടുണ്ടായില്ല ട്ടോ..”

”നിങ്ങളെന്തിനാണിത്ര സമയമെടുത്ത് കറക്കുന്നത്, ഒന്നു തൊട്ടാത്തന്നെ വൈറസുണ്ടേലിങ്ങ് കിട്ടൂലേ..?”

”ഓ ഇത്രേ ഉണ്ടായിരുന്നുള്ളോ, ഫ്രണ്ട് പറഞ്ഞത് കേട്ട് പേടിച്ചാ വന്നത്..”

”ആ പേഷ്യന്റിന്റ സാംപിൾ ഡോക്റ്റർ തന്നെ എടുക്കാമോ? കഴിഞ്ഞ തവണ അയാളെന്നെ ചീത്ത വിളിച്ചതാ..” – ഇത് നഴ്സിന്റ വക

ഇതെല്ലാം കോവിഡ് ടെസ്റ്റിന് സ്വാബെടുക്കാൻ വരുന്നവരുടെ പരാതികളും ആകുലതകളുമാണ്. പ്രത്യേകിച്ച് ഒന്നിലധികം തവണ ടെസ്റ്റ് ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ.

അവരാരെയും കുറ്റപ്പെടുത്താൻ പറ്റില്ല. മൂക്കിനകത്തേക്ക് ഒരു കോല് കടത്തിയുള്ള ഈ സ്വാബെടുക്കൽ നമുക്കത്ര സുഖകരമായ ഒരു കാര്യമല്ല തന്നെ. എന്നാലതത്ര വിഷമം പിടിച്ചതോ പേടിക്കേണ്ടതോ ആയ ഒരു ഏർപ്പാടുമല്ലാ.

ഈ കോല് എന്ന് നാട്ടുകാർ പറയുന്ന നമ്മുടെ ‘സ്വാബ്’ യഥാർത്ഥത്തിൽ ഒരു ചെറിയ ഇയർബഡ് പോലത്തെ സാധനമാണ്. ഒരു കനം കുറഞ്ഞ പ്ലാസ്റ്റിക് കമ്പിൻ്റെ അറ്റത്ത്, കോട്ടണോ അല്ലെങ്കിൽ അതുപോലെ ‘സ്രവം’ ആഗിരണം ചെയ്യാൻ സാധിക്കുന്ന ഒരു വസ്തു ചുറ്റിയ, കാഴ്ചയിൽ ഇയർബഡ് പോലെ തന്നെയിരിക്കുന്ന ഒന്ന്. അതിന് നമ്മളെ മുറിവേൽപ്പിക്കാനോ വേദനിപ്പിക്കാനോ കഴിയില്ല.

നമ്മളുപയോഗിക്കുന്ന ഈ സ്വാബിംഗ് രീതി പുതിയതായി കൊവിഡിനു വേണ്ടി കണ്ടുപിടിച്ചതൊന്നുമല്ല. ശ്വസനവ്യൂഹവുമായി ബന്ധപ്പെട്ട അസുഖങ്ങളുണ്ടാക്കുന്ന ഇൻഫ്ലുവൻസ, വില്ലൻചുമ, RSV, ഡിഫ്തീരിയ തുടങ്ങി പല സൂക്ഷ്മാണുക്കളുടെയും സാന്നിധ്യം കണ്ടുപിടിക്കാൻ നേരത്തെ ചെയ്തു വന്ന ഒന്നാണ്.

പ്രധാന സംഗതിയെന്താണെന്നു വെച്ചാൽ എതൊരു രോഗാണുവും, വൈറസോ ബാക്ടീരിയയോ ഏതായാലും, അവ കൂടുതലായി വളരുന്ന ശരീരഭാഗമേതെന്ന് കണ്ടറിഞ്ഞ് അവിടുന്ന് സാംപിൾ ടെസ്റ്റ് ചെയ്തെങ്കിൽ മാത്രമേ കൃത്യമായ രോഗനിർണയം സാധ്യമാകൂ. മെനിഞ്ചൈറ്റിസ് ഉണ്ടോയെന്നറിയാൻ നട്ടെല്ലിൽ കുത്തി വെള്ളമെടുത്ത് (CSF) പരിശോധിക്കുന്നത് ഒരുദാഹരണം. പ്രാഥമികമായി ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന SARSCoV-2 എന്ന കോവിഡ് വൈറസ് മൂക്കിലെയും ശ്വാസനാളത്തിലെയും ശ്ളേഷ്മസ്തരത്തിൽ പറ്റിപ്പിടിച്ച് പെറ്റു പെരുകിയാണ് ശ്വാസകോശത്തിലേക്കും മറ്റവയവങ്ങളിലേക്കും പടരുന്നത്. അതുകൊണ്ടു തന്നെ, വൈറസിൻ്റെ സാന്നിധ്യം ഏറ്റവുമധികം ഉണ്ടായിരിക്കുന്നതും അവിടെ തന്നെ.

ഈ Nasopharyngeal swab എടുക്കുന്ന രീതി ഇങ്ങനെയാണ്:

സ്വാബ് ടെസ്റ്റിന് വിധേയനാകുന്ന വ്യക്തിയുടെ തല പിറകിലേക്ക് ഏതാണ്ട് 70° യിൽ ചരിച്ചുവെക്കും. കൃത്യമായി ഫോക്കസ് ചെയ്യുന്ന ലൈറ്റുപയോഗിച്ച് മൂക്കിന്റെ ഉൾഭാഗം പരിശോധിക്കും. കൂടുതൽ വ്യാപ്തിയും സ്ഥല ലഭ്യതയുമുള്ള നാസാരന്ധ്രത്തിലൂടെ കടത്തുന്ന സ്വാബ്, മൂക്കിന്റെ അടിഭാഗത്തു(towards floor of the nose) കൂടെ, വായയ്ക്ക് സമാന്തരമായാണ് ഉള്ളിലേക്ക് പ്രവേശിപ്പിക്കേണ്ടത്.

ഇങ്ങനെ Nasopharynx-ൽ എത്തിയ സ്വാബിനെ, അവിടെ ശ്ലേഷ്മസ്തരത്തിൽ മുട്ടിച്ച് പിടിക്കും. സ്രവങ്ങൾ ഊർന്നിറങ്ങാൻ 10-15 സെക്കന്റുകൾ വരെ എടുക്കും. അതിനിടയിൽ 2 -3 തവണ Swab കറക്കി, സ്രവം ശേഖരിച്ചുവെന്ന് ഉറപ്പിക്കും. ശേഷം പതിയെ പോയ വഴിയിലൂടെ സ്വാബ് തിരിച്ചിറക്കും. രണ്ടു മൂക്കിൽ നിന്നും സ്വാബ് ശേഖരിക്കുന്നതാണ് ശരിയായരീതി. സ്രവം ശേഖരിച്ച സ്വാബിനെ ഒരു ടെസ്റ്റ് ട്യൂബിലെ വൈറസ് ട്രാൻസ്പോർട്ടിംഗ് മീഡിയത്തിലേക്ക് അപ്പോൾ തന്നെ മാറ്റും. ശേഷം രോഗിയുടെ പേരും നമ്പരും എല്ലാം രേഖപ്പെടുത്തി, ലാബിലേക്ക് അയക്കും.

സ്വാബ് മൂക്കിനുള്ളിലൂടെ കടന്നുപോകുന്ന സമയത്ത്, മൂന്നു തരത്തിലുള്ള താൽക്കാലിക പ്രതിപ്രവർത്തനങ്ങൾ(reflexes) ആ വ്യക്തിയുടെ ശരീരത്തിൽ അനുഭവപ്പെടാം.

1) Sneezing reflex:- മൂക്കിന്റ തുടക്കഭാഗത്തു തന്നെയുള്ള ഞരമ്പുകൾ പ്രചോദിപ്പിക്കപ്പെടുന്നത് മൂലം തുമ്മലുണ്ടാവാം.

2) Nasolacrimal reflex:- മൂക്കിൻ്റെ മധ്യഭാഗം വഴി സ്വാബ് കടന്നു പോകുമ്പോൾ, അതവിടുള്ള നാഡീഞരമ്പുകളെ പ്രചോദിപ്പിക്കുന്നത് വഴി ഇരുകണ്ണുകളിലും കണ്ണുനീര് നിറയാം.

3) Gag reflex:-. മൂക്കിന്റെ പുറകിലായുള്ള തൊണ്ടയുടെ ഭാഗത്തെത്തി അവിടെ തൊടുമ്പോൾ ഓക്കാനവും ചുമയും വരാം.

ഇതെല്ലാം എല്ലാർക്കും ഉണ്ടാവണമെന്നില്ല. ഉണ്ടായാൽ തന്നെ ഒരേ തീവ്രതയിൽ അനുഭവപ്പെടണമെന്നുമില്ല. വ്യക്തികൾക്കനുസരിച്ച് വ്യത്യാസം വരാം. ചിലർക്ക് നിസ്സാരമായും, ചിലർക്കൽപം കൂടുതലും. ഏതാണെങ്കിലും അവ താൽക്കാലികമായൊരു അസ്വസ്ഥത മാത്രമാണ്. വളരെവേഗമത് മാറിക്കിട്ടും.

എന്തുകൊണ്ടാണ് ഇത്രയും ബുദ്ധിമുട്ടി നമ്മൾ ‘മൂക്കിൻറെ പുറകിലുള്ള’ ശ്ലേഷ്മസ്തരത്തിൽ നിന്നുതന്നെ സ്വാബ് എടുക്കണം എന്ന് നിർബന്ധം പിടിക്കുന്നത്?
വളരെ ജനുവിൻ സംശയമാണ്. ഇത്തരം സംശയങ്ങൾ പലർക്കും തോന്നിയിട്ടുണ്ടാവാം. മൂക്കിൻറെ തുമ്പു മുതൽ ശ്വാസകോശം വരെ ശ്വസനവ്യവസ്ഥയുടെ ഭാഗമാണ്, എങ്കിൽ പിന്നെ കുറച്ചുകൂടി എളുപ്പമുള്ള വേറെ ഏതെങ്കിലും ഭാഗത്ത് നിന്ന് സ്വാബ് എടുത്താൽ പോരെ, എന്തിനാണ് മൂക്കിൻറെ പുറകിൽ തന്നെ പോയി എടുക്കണം എന്നൊക്കെ..

1.കൊറോണ, ഇൻഫ്ലുവൻസ തുടങ്ങിയ RNA വൈറസുകൾ ശ്വസനവ്യവസ്ഥയിൽ മൂക്കിൻ്റെ മധ്യഭാഗം മുതൽ പുറകിലുള്ള ശ്ലേഷ്മസ്തരത്തിൽ പറ്റിപ്പിടിച്ചാണ് വളരുന്നത്. അതുകൊണ്ടുതന്നെ മൂക്കിൻ്റെ അറ്റത്തുനിന്നും ഒരു സ്വാബ് എടുത്തു കഴിഞ്ഞാൽ നമുക്ക് ഈ വൈറസിനെ കിട്ടാനുള്ള സാധ്യത തുലോം തുച്ഛമാണ്.

  1. മറ്റൊരു എളുപ്പ വഴിയാണ്, വായ തുറന്ന് അണ്ണാക്കിൽ നിന്നും സ്വാബ് കളക്റ്റ് ചെയ്യുന്ന രീതി. പക്ഷേ അവിടെ നമ്മൾ ശേഖരിക്കുന്ന സ്രവം ഉമിനീരുമായി കലരുന്നതിനാൽ, തെറ്റായ ഫലം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
  2. രോഗബാധിതനായ ഒരാളിൽ വൈറസിൻ്റെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉണ്ടാവാൻ സാധ്യതയുള്ളത്, ശ്വാസനാളത്തിൽ നിന്നും ശ്വാസകോശത്തിൽ നിന്നും ശേഖരിക്കുന്ന സ്രവങ്ങളിലാണ്. പക്ഷേ ശ്വാസനാളത്തിൽ നിന്നും സ്രവം ശേഖരിക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. അതിന് ഒരുപാട് ഭൗതികസൗകര്യങ്ങൾ ആവശ്യമാണ്, സ്രവം ശേഖരിക്കാൻ വലിയ വൈദഗ്ധ്യം ആവശ്യമാണ്, മാത്രമല്ല രോഗിയെ അഡ്മിറ്റാക്കിയാൽ മാത്രമേ അത് ചെയ്യാനും സാധിക്കുകയുള്ളൂ.
  3. വൈറസിൻ്റെ സാന്നിധ്യം എളുപ്പത്തിൽ കണ്ടെത്താവുന്ന, എന്നാൽ രോഗിക്കും സ്വാബ് ശേഖരിക്കുന്ന ആരോഗ്യ പ്രവർത്തകനും വലിയ ബുദ്ധിമുട്ട് ഉണ്ടാവാത്ത, ചുരുങ്ങിയ സമയവും ഭൗതികസൗകര്യങ്ങളും കൊണ്ട് കൂടുതൽ രോഗികളിൽ പരിശോധന നടത്താവുന്ന ഒരു രീതി ആയതുകൊണ്ടാണ് Nasopharyngeal സ്വാബ് തന്നെ ഈ രോഗത്തിന് നമ്മൾ എടുക്കേണ്ടി വരുന്നത്.

ഈവിധം ശേഖരണത്തിലും, വിനിമയ സംവിധാനങ്ങളിലും കൃത്യമായ മാർഗ്ഗ നിർദേശങ്ങളിലൂടെ കടന്നുപോയ nasopharyngeal സാംപിളുകളിൽ വരെ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്താനുള്ള സാധ്യത 50 to 70% മാത്രമാണ്. അതുകൊണ്ടു തന്നെ നമ്മളോരോരുത്തരുടെയും കൃത്യമായ സഹകരണം ഈ സ്വാബ് ശേഖരിക്കുമ്പോൾ അനിവാര്യമാണ്.

വ്യാജവാർത്തകളിൽ വിശ്വസിച്ചോ ഭയം കൊണ്ടോ നമ്മളതിനോട് നിസ്സഹകരിക്കുകയാണെങ്കിൽ, അതുമൂലം കൃത്യമായിട്ടല്ല സ്രവം ശേഖരിക്കുന്നതെങ്കിൽ, വരാൻ സാധ്യതയുള്ള അപകടങ്ങൾ വളരെ വലുതായിരിക്കും.

അതുകൊണ്ടുതന്നെ രോഗിയുടെ അല്ലെങ്കിൽ സ്ക്രീനിങ്ങ് ടെസ്റ്റിന് വിധേയരായവുന്നവരുടെ പരിപൂർണ സഹകരണവും, അറിവും അത്യാവശ്യമാണിവിടെ. ഇതിനു പുറമേ മൂക്കിനുളളിലെ ദശവളർച്ച, ഉളളിലെ എല്ലിന്റെ വളവ്, നേരത്തെ ചെയ്തിട്ടുള്ള സർജറികൾ തുടങ്ങി മൂക്കിനുള്ളിൽ തടസ്സമുണ്ടാക്കുന്ന പല കാരണങ്ങൾ കൊണ്ടും പൂർണ്ണമായി സ്വാബ് ഉള്ളിലെത്താതിരിക്കാം. അത്തരത്തിൽ നേരത്തെ അറിവുള്ള തടസ്സങ്ങൾ രോഗിക്കോ, എടുക്കുന്ന സമയത്ത് ആരോഗ്യ പ്രവർത്തകർക്കോ അനുഭവപ്പെട്ടാൽ, കൃത്യത ഉറപ്പു വരുത്താൻ ഒരു ENT specialist -ന്റെ സേവനം ലഭ്യമെങ്കിൽ ഉപയോഗപ്പെടുത്തണം. പതിവിൽ കൂടുതൽ പ്രതിരോധം അനുഭവപ്പെട്ടാൽ, ഒരിക്കലും ബലമുപയോഗിച്ച് സ്വാബ് മൂക്കിലേക്ക് തള്ളിക്കയറ്റാനും പാടില്ല. നാസൽ സ്പെക്കുലം എന്ന ലഘു ഉപകരണത്തിന്റെ സഹായത്തോടെ തടസ്സങ്ങൾ വകഞ്ഞു മാറ്റിയേ അത് ഉള്ളിലെത്തിക്കാവൂ.

രോഗനിർണയത്തിൻ്റെ, അതിനുള്ള ടെസ്റ്റുകളുടെ കൃത്യതയാണ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ അച്ചുതണ്ട്. അതിന് ശരിയായ, ശാസ്ത്രീയമായ അറിവ് നമുക്കോരോരുത്തർക്കും ഉണ്ടായിരിക്കണം.
ഇന്നല്ലെങ്കിൽ നാളെ നമ്മളോരോരുത്തരും കടന്നു പോകേണ്ട വഴികൾ മാത്രമാണിത്.

ചെറിയ, താൽക്കാലികമായ ബുദ്ധിമുട്ടുകളെ അവഗണിക്കുക. സാംപിളുകൾ എടുക്കുന്ന ആരോഗ്യ പ്രവർത്തകരുമായി തുറന്ന് സംവദിക്കുക. സഹകരിക്കുക. വ്യാജസന്ദേശങ്ങളെയും അനാവശ്യ ഭീതി നിറയ്ക്കുന്ന വ്യാജവാർത്തകളെയും അവഗണിക്കുക.

നമ്മുടെ ശരിയായ അറിവും ക്ഷമയും സഹകരണവുമാണ്, വിസ്ഫോടനശേഷിയുള്ള ഈ രോഗത്തിൻ്റെ വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മൂർച്ച കൂട്ടുന്നത്.

അത് മറക്കാതിരിക്കുക..

കടപ്പാട്: ഡോ. റോഷിത് എസ് [അതിഥി ലേഖകൻ), ഡോ. മനോജ്‌ വെള്ളനാട്
ഇൻഫോ ക്ലിനിക്]

ഡോ. എപിജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന്‌ അഞ്ച് വയസ്

മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന്‌ അഞ്ച് വയസ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു എപിജെ അബ്ദുൾ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരിൽ ഒരാൾ കൂടിയായിരുന്നു.

ഐഎസ്ആർഒയുടെ ആരംഭകാലത്തെ ശാസ്ത്രജ്ഞരിലൊരാളായിരുന്ന കലാം പിൽക്കാലത്ത് ‘ഇന്ത്യയുടെ മിസൈൽമാൻ’ എന്നറിയപ്പെട്ടു. രാഷ്ട്രപതി എന്ന നിലയിൽ ഏറെ ജനകീയനായിരുന്ന അബ്ദുൾ കലാം യുവാക്കളോടും വിദ്യാർത്ഥികളോടും എപ്പോഴും ഏറെ മമത പുലർത്തി.

ലാളിത്യമായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എപിജെ അബ്ദുൾ കലാമിന്റെ മുഖമുദ്ര. വിനയം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. ഏത് പ്രതിസന്ധിഘട്ടത്തിലും ക്ഷമയും സൗമ്യതയും അദ്ദേഹം കൈവിട്ടില്ല. 2002ൽ ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി കലാമിനെ ബിജെപിയും കോൺഗ്രസും ഒരുപോലെ പിന്തുണച്ചു. രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച അഞ്ച് വർഷം രാജ്യത്തിന്റെ മൊത്തം ആദരവും സ്നേഹവും പിടിച്ചുപറ്റാൻ കലാമിന് ഏറെ പണിപ്പെടേണ്ടിവന്നില്ല.

ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം 1960ൽ ഡിആർഡിഒയിൽ ശാസ്ത്രജ്ഞനായി ജോലി ആരംഭിച്ച അബ്ദുൾ കലാമിനെ പിന്നീട് 1969ൽ ഐഎസ്ആർഒയിലേയ്ക്ക് മാറ്റി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും അബ്ദുൾകലാം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അഗ്നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. 1998ൽ പൊക്രാനിൽ നടന്ന രണ്ടാം അണ്വായുധ പരീക്ഷണത്തിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. മിസൈൽ സാങ്കേതികവിദ്യയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് ഇന്ത്യയുടെ ‘മിസൈൽമാൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

കുട്ടികൾക്കും യുവാക്കൾക്കും എന്നും വലിയ പ്രചോദനമായിരുന്നു കലാം. കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവൂ എന്നായിരുന്നു അവർക്കുള്ള അദ്ദേഹത്തിന്റെ ഉപദേശം. രാഷ്ട്രപതിയായിരുന്ന കാലത്ത് തനിക്ക് വിദ്യാർത്ഥികളിൽ നിന്നും യുവാക്കളിൽ നിന്നും ലഭിക്കുന്ന കത്തുകൾക്ക് അദ്ദേഹം ഏറെ പ്രാധാന്യം നൽകിയിരുന്നു. ഒട്ടേറെ സർവകലാശാലകളിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ള കലാമിനെ 1981ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ, 1997ൽ ഭാരതരത്‌നം എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. ‘അഗ്‌നിച്ചിറകുകൾ’ ഉൾപ്പടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

ഇന്ന് കാർഗിൽ ദിവസ്; ജ്വലിക്കുന്ന ധീരസ്മരണകളുടെ 21ാം വാര്‍ഷികം

ഇന്ന് കാർഗിൽ വിജയ് ദിവസ്. അയൽക്കാരൻ മഞ്ഞിലൊളിച്ചുകടത്തിയ മറക്കാനാകാത്ത ചതിയെ ഒരു രാജ്യം ഒരുമിച്ച് ചെറുത്തു തോൽപിച്ച ദിനമാണ് ഇന്ന്. കാർഗിൽ യുദ്ധത്തിന്റെ ഓർമ ദിനം. സേനാതലത്തിൽ കാർഗിൽ ദിവസ് ആഘോഷിക്കും. ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ഉന്നത ഉദ്യോഗസ്ഥർ പുഷ്പചക്രം സമർപ്പിക്കും.

1999 മെയ് മൂന്നിന് താഴ്‌വരയിൽ ആടുമേക്കാനെത്തിയ താഷിം നംഗ്യാലെന്ന ഇടയാനാണ് അയൽക്കാരന്റെ ചതി രാജ്യത്തെയറിയിക്കുന്നത്. കാണാതെ പോയ ആടിനെ തെരഞ്ഞിറങ്ങിയ നംഗ്യാൽ തന്റെ ബൈനോക്കുലറിലൂടെ ഒളിച്ചിരിക്കുന്ന പാക് പട്ടാളക്കാരെ കണ്ടു. പെട്ടെന്ന് തന്നെ മലയിറങ്ങിയ നംഗ്യാൽ ആർമി ക്യാമ്പിലെത്തി കണ്ട കാഴ്ചയറിയിച്ചു. ശൈത്യമേറിയാൽ നിയന്ത്രണരേഖയിലെ കാവൽ അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും മലയിറങ്ങറാണ് പതിവ്. ആ പതിവ് പാലിച്ചെന്ന് വരുത്തിയ പാക് പട്ടാളം പിന്നീട് പതിയെ നുഴഞ്ഞുകയറുകയായിരുന്നു.

നംഗ്യാലെത്തിയതിന് പിന്നാലെയിറങ്ങിയ ഇന്ത്യൻ സൈന്യം ആദ്യമൊരു അതൊരു സാധാരണ കരാർ ലംഘനമെന്നേ കരുതിയിരുന്നുള്ളൂ. പക്ഷേ അതിനകം 131 സൈനിക പോസ്റ്റുകളിൽ നുഴഞ്ഞുകയറ്റക്കാർ പിടിമുറുക്കിയിരുന്നു. ദ്രാസ് ബറ്റാലിക്ക് സെക്ടറിലെ 18000 അടി ഉയരത്തിലെ സൈനിക പോസ്റ്റിനരികിലേക്ക് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയും കൂട്ടരും ചെന്നെത്തിയത് പാക് പട്ടാളക്കാരുടെ പിടിയിലാണ്. കാലിയയുടേയും ഒപ്പമുള്ളവരുടേയും മൃതദേഹങ്ങളാണ് പിന്നീട് പാകിസ്താൻ തിരികെ നൽകുന്നത്.

അയൽക്കാരുടെ ചതി ചെറുതല്ലെന്ന് തിരിച്ചറിഞ്ഞ ഇന്ത്യ വലിയ നീക്കങ്ങളിലേക്ക് മാറി. കരസേനയുടെ കീഴിൽ ഓപ്പറേഷൻ വിജയിയും വ്യോമസേനയുടെ ഓപ്പറേഷൻ സഫേദ് സാഗറും നാവികസേനയുടെ ഓപ്പറേഷൻ തൽവാറും രൂപപ്പെട്ടു. രണ്ട് ലക്ഷത്തോളം പേർ സൈനിക നീക്കത്തിന്റെ ഭാഗമായി. മുപ്പതിനായിരം പേർ യുദ്ധമുഖത്തിൽ നേരിട്ടെത്തി. ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത കുന്നുകൾ നിറഞ്ഞ ഭൂപ്രദേശത്തിലൂടെ ഇന്ത്യയുടെ പീരങ്കിപ്പട മുന്നോട്ടാഞ്ഞു. കാർഗിൽ, ദ്രാസ്, കക്‌സർ, മുഷ്‌കോഹ് മേഖലകളിലായിരുന്നു പാക് നുഴഞ്ഞുകയറ്റം

ശത്രുക്കൾ ഒളിഞ്ഞിരിക്കുന്ന 14000 അടിവരെ ഉയരമുള്ള മഞ്ഞുമലകൾക്ക് മുകളിലേക്ക് എത്തിച്ചേരുക ദുഷ്‌കരമായിരുന്നുവെങ്കിലും പരമാവധി ആയുധങ്ങളുമേന്തി സൈനികർ മല കയറി. വിമാനം വെടിവച്ചിട്ടും പൈലറ്റിനെ യുദ്ധ തടവുകാരനാക്കിയും പാക് പ്രകോപനം തുടർന്നു. സൈന്യത്തെ പിന്തുണച്ചുകൊണ്ട് മിഗ് 21 , മിഗ് 27, മിറാഷ് 2000 തുടങ്ങിയ യുദ്ധവിമാനങ്ങൾ ആക്രണത്തിന്റെ മൂർച്ച കൂട്ടി. ഇന്ത്യൻ നാവികസേന പാകിസ്താൻ തുറമുഖങ്ങൾ ഉപരോധിക്കാൻ ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിലും ഇന്ത്യ സമ്മർദം ശക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ പാക്കിസ്താനോട് ആവശ്യപ്പെട്ടു. ഉയരത്തിലിരിപ്പുറപ്പിച്ച ശത്രുവിനെ അതിലുമയർന്ന സേനാവീര്യംകൊണ്ട് ഇന്ത്യ കീഴ്‌പ്പെടുത്തി. ടൈഗർ ഹില്ലിന് അരികിലെത്തിയതോടെ പാക് വേരുകൾ ഇളകിത്തുടങ്ങി. ബൊഫോഴ്‌സ് പീരങ്കികൾ ഹില്ലിലേക്ക് തുടർച്ചയായി ആക്രമണം നടത്തി. മഞ്ഞിൽ മറഞ്ഞിരുന്ന ശത്രുക്കളിലേക്ക് ബൊഫോഴ്‌സിന്റെ മെഴ്‌സഡസ് ബെൻസ് എഞ്ചിനുകൾ ശരവേഗം വെടിയുതിർത്തുകൊണ്ടിരുന്നു. ഭാരമേറുമെന്നതിനാൽ റേഷൻ പോലും എടുക്കാതെ പരമാവധി ആയുധങ്ങൾ ചുമലിലേറ്റിയാണ് ഇന്ത്യൻ സൈനിക വീരന്മാർ മല കയറിയത്.

ജൂലൈ നാലിന് രാജ്യം കാത്ത സന്ദേശമെത്തി. സേന ടൈഗർ ഹിൽ പിടിച്ചു. അഞ്ഞൂറോളം യോദ്ധാക്കളെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. മഹായുദ്ധത്തിന്റെ ഓർമകൾക്ക് ഇന്ന് 21 വർഷം തികയുന്നു. കാർഗിൽ ഇന്ന് കേവലം സ്ഥലനാമത്തിനപ്പുറം ജ്വലിക്കുന്ന ധീരസ്മരണകളുടെ വീരഭൂമി കൂടിയാണ്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ്

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ശിവ്‌രാജ് സിംഗ് ചൗഹാൻ തന്നെയാണ് ട്വീറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അദ്ദേഹം സ്വയം നിരീക്ഷണത്തിലേക്ക് മാറി.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. സമ്പർക്കം പുലർത്തിയവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ സംസ്ഥാന സഹകരണ മന്ത്രി അരവിന്ദ് സിംഗ് ഭദോരിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കും മുമ്പ് ഇദ്ദേഹം കാബിനറ്റ് യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് അരവിന്ദ് സിംഗ് ഭദോരിയയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇൻഡോറിൽ പഴക്കച്ചവടം ഒഴിപ്പിക്കാൻ വന്നവരോട് ഇംഗ്ലീഷിൽ മറുപടി പറഞ്ഞ് സ്ത്രീ; ഡോക്ടറേറ്റ് ഉണ്ടെന്നും വാദം

വളരെ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന തെരുവ് കച്ചവടക്കാരിയുടെ വിഡിയോ വൈറലാകുന്നു. ഇൻഡോറിലാണ് സംഭവം. കൊവിഡ് വ്യാപനം കാരണം തന്റെ കച്ചവടം ഒഴിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥരോട് ഇംഗ്ലീഷിൽ മറുപടി പറഞ്ഞ കച്ചവടക്കാരിയോട് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ തനിക്ക് ഡോക്ടറേറ്റ് ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുകയുണ്ടായി.വളരെ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന തെരുവ് കച്ചവടക്കാരിയുടെ വിഡിയോ വൈറലാകുന്നു. ഇൻഡോറിലാണ് സംഭവം. കൊവിഡ് വ്യാപനം കാരണം തന്റെ കച്ചവടം ഒഴിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥരോട് ഇംഗ്ലീഷിൽ മറുപടി പറഞ്ഞ കച്ചവടക്കാരിയോട് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ തനിക്ക് ഡോക്ടറേറ്റ് ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുകയുണ്ടായി.വളരെ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന തെരുവ് കച്ചവടക്കാരിയുടെ വിഡിയോ വൈറലാകുന്നു. ഇൻഡോറിലാണ് സംഭവം. കൊവിഡ് വ്യാപനം കാരണം തന്റെ കച്ചവടം ഒഴിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥരോട് ഇംഗ്ലീഷിൽ മറുപടി പറഞ്ഞ കച്ചവടക്കാരിയോട് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ തനിക്ക് ഡോക്ടറേറ്റ് ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുകയുണ്ടായി

.https://twitter.com/i/status/1286277557436870656

എൻ95 മാസ്‌കിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്

എൻ95 മാസ്‌കിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം. എൻ 95 കൊവിഡ് വ്യാപനം ഒഴിവാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് കത്ത് നൽകി.

എൻ95 മാസ്‌കിലുള്ള വാൽവ് വഴി വൈറസ് പുറത്തു കടക്കാമെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് സാധാരണ തുണി മാസ്‌ക് ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ, തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്നും കത്തിൽ പറയുന്നു.വാണിജ്യാവശ്യത്തിനാണ് വാൽവ് ഉള്ള മാസ്‌കുകൾ ഉപയോഗിക്കുന്നത്. ഇത്തരം മാസ്‌കുകൾ അകത്തേക്ക് വരുന്ന വായുവിനെ ശുദ്ധീകരിക്കും. വാൽവിലൂടെയാണ് നാം പുറത്തുവിടുന്ന വായു പോകുന്നത്. എൻ95 മാസ്‌ക് ഉപയോഗിക്കുന്നത് ഉപയോക്താവിന് സംരക്ഷണം നൽകുമെങ്കിലും അടുത്ത് നിൽക്കുന്ന വ്യക്തിക്ക് ഇത് ദോഷകരമായിരിക്കും.കാലിഫോർണിയ ബേയ് ഏരിയ നിരവധി ഭരണകൂടങ്ങൾ വാൽവുള്ള മാസ്‌കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടേയും നടപടി.

രാജ്യത്തെ ബാങ്ക് മേധാവികളിൽ ഏറ്റവും അധികം ശമ്പളം കൈപ്പറ്റിയത് എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്ടർ ആദിത്യ പുരി

കഴിഞ്ഞ സാമ്പത്തികവർഷം ബാങ്ക് മേധാവികളിൽ ഏറ്റവും അധികം ശമ്പളം കൈപ്പറ്റിയത് എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്ടർ ആദിത്യ പുരി. വർധിച്ച ശമ്പളത്തിന്റെയും സാമ്പത്തിക അനുകൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ
2019- 20 സാമ്പത്തിക വർഷം 18.92 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതനുസരിച്ച് ശമ്പള ഇനത്തിൽ ഒരു മാസം ഒന്നര കോടിയിലേറെ രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.ഇതു കൂടാതെ സ്റ്റോക്ക് ഓപ്ഷൻ പദ്ധതി പ്രകാരം കിട്ടിയ ഓഹരി വിനിമയത്തിലൂടെ 161.56 കോടി രൂപയും അദ്ദേഹം നേടി. കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കൊണ്ട് ആസ്തിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി എച്ച്ഡിഎഫ്‌സി ബാങ്കിനെ വളർത്തിയത് ആദിത്യ പുരിയാണ്.അതേസമയം, 70 വയസ് തികയുന്നതിനെ തുടർന്ന് 2020 ഒക്ടോബറിൽ ആദിത്യ പുരി സ്ഥാനമൊഴിയും.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ റാൺ ഓഫ് കച്ചിൽ നിന്ന് ബിഎസ്എഫാണ് ഇരുപതുകാരനായ മഹാരാഷ്ട്ര സ്വദേശിയെ അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയിലെ ഒസ്മനാബാദ് നഗരത്തിലെ ഖ്വജാംഗർ സ്വദേശിയായ സിഷാൻ മുഹമ്മദ് സിദ്ദീഖിയാണ് പിടിയിലായത്. റാൺ ഓഫ് കച്ചിലെ ധോരാവിറ ഗ്രാമത്തിൽ മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയുണ്ടായ തെരച്ചിലിനൊടുവിലാണ് കാൽ നടയായി പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച സിഷാനെ ബിഎസ്എഫ് പിടികൂടുന്നത്.

ജൂലൈ 11നാണ് സിഷാൻ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാകിസ്താൻ സ്വദേശിനിയായ പെൺകുട്ടിയെ കാണാൻ യാത്ര തിരിച്ചത്. ബൈക്ക് മണ്ണിൽ കുടുങ്ങിയതിനെ തുടർന്ന് യുവാവ് ബൈക്ക് ഉപേക്ഷിച്ച് കാൽ നടയായി അതിർത്തി ലക്ഷ്യംവച്ച് നീങ്ങി. അതിനിടെ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം ഒസ്മനാബാദ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

ഒടുവിൽ സിദ്ദീഖിയുടെ സോഷ്യൽ മീഡിയ പരിശോധിക്കുകയും പാകിസ്താൻ സ്വദേശിനിയായ പെൺകുട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ചും പെൺകുട്ടിയെ കാണാൻ പോകുന്നതിനെ കുറിച്ചും മനസ്സിലാക്കി. മൊബൈൽ ട്രെയ്‌സ് ചെയ്തപ്പോൾ കച്ചിലാണെന്ന വിവരവും ലഭിച്ചു. അപ്പോഴേക്കും സിദ്ദീഖി ബിഎസ്എഫിന്റെ പിടിയിലായി.

സിദ്ദീഖിയുടെ കസ്റ്റഡിക്കായി ഒസ്മബാനബാദ് പൊലീസ് കച്ചിലേക്ക് തിരിച്ചിട്ടുണ്ട്.